Sunday, August 17, 2014

ഹരണം

എന്റെ കണക്കു കൂട്ടലുകളല്ലാം
പിഴച്ചു മകനെ
എന്റെ ഗതി നിനക്ക് വരരുത്
അച്ഛാ
നിങ്ങളുടെ പിഴച്ച കണക്കിലെ
ശിഷ്ടമല്ലേ ഞാൻ...!

Saturday, August 16, 2014

E-കവികളോട്

പ്രകൃതിയെകൊന്നു തിന്നുന്ന
E-കാലത്തിലെ  കവികളെ
കാര്‍മേഘത്തിനുകണ്ണീര്‍ വറ്റിയതും,
കല്പക വൃക്ഷങ്ങളെ
വ്യവസായ വിപ്ലവകാരികൾ
അറുംകൊല ചെയ്തതും,
കടലും കരയും കലഹിച്ചതും ,
കാഴ്ച നഷ്ടപെട്ട കാറ്റ്
ഗതിമാറി അലഞ്ഞതും ,
വറ്റിപോയ പുഴകളെ ഓർത്തു
മലകൾ കരഞ്ഞു തളര്ന്നുറങ്ങുന്നതും,
E -ബന്ധങ്ങള്‍ മധുരംനുണഞ്ഞു
ഗര്‍ഭ പാത്രം പുഷ്പിച്ചതും
നിങ്ങളറിയുന്നില്ല
കാരണം
നിങ്ങളെപ്പോഴും എഴുതുന്നത്‌
E-കാലത്തേചുമരുകള്‍ക്കിടയില്‍ നിന്നാണ് !

Saturday, August 9, 2014

ഊമ

മൌനെത്തെക്കാൾ നന്നായി
മനുഷ്യർക്ക് സത്യം പറയാൻ
അറിയില്ലെന്നറിഞ്ഞത് കൊണ്ടാവാം
ഊമ നമ്മളെ നോക്കി ചിരിക്കുന്നത്
അപ്പോഴും വാ തുറന്നാൽ
കള്ളം പറയുന്ന നമ്മൾ
പറഞ്ഞു കൊണ്ടേയിരിക്കും
എന്റെ വാചാലത കണ്ടു
ഊമ
അസൂയപ്പെടുകയാണെന്നു...!

Wednesday, August 6, 2014

മറുപുറം

പെണ്ണെ ,
പെറുന്നത് നീയന്നറിഞ്ഞിട്ടും
അവളെ /അവനെ
തന്തക്കു പിറക്കാത്തവരെന്നു
പറയും
അല്ലെങ്കിലും തന്തയിലല്ലല്ലോ
തള്ളയിൽ തന്നെയെല്ലേ പിറക്കുന്നത്‌ ...?

Tuesday, August 5, 2014

ശ്ശ്....! കട്ട് പവർ

പട്ടാപകൽ വിളക്ക് കത്തിച്ചു
ഏഥൻസ് തെരിവോരങ്ങളിലൂടെ
നടക്കുന്ന
ഡയോജനീസിനോട്
മലയാളി പറഞ്ഞു
ഇങ്ങോട്ട് വരൂ
വെളിച്ചംതരൂ
ഇവിടെ
മഴ പെയ്തിട്ടും പെയ്തിട്ടും
പവർകട്ടാണ്

Saturday, August 2, 2014

സഹയാത്രികന്റെ പേകിനാവ്

വെളിക്കിരിക്കാൻ പോയ
പെണ്‍ കുട്ടികളെ
ബലാത്സഗം ചെയ്തു
തൂക്കിലേറ്റിക്കോട്ടെ

ജാതി മാറി കെട്ടിയവനെ
പച്ചക്ക് വെട്ടി
അഭിമാനം
കാത്തോട്ടെ

കാമുകനുമായി ജീവിക്കാൻ
അനുവദിക്കു എന്ന്
പറഞ്ഞവളെ
വെടിവെച്ചു കൊന്നോട്ടെ

വയർ ഒട്ടിയ അമ്മമാർ
സ്വന്തം കുഞ്ഞിനെ വിറ്റു
ഒരു നേരം
ഭക്ഷിചോട്ടെ

എന്റെ അച്ഛനും
നിന്റെ അച്ചനും ഒന്നാണെന്ന്
സ്വന്തം കുഞ്ഞിനോട്
അമ്മ പറഞ്ഞോട്ടെ

നമുക്ക്
പച്ച ബോർഡ്‌ നെ കുറിച്ചും
കാവിവൽക്കരണത്തെ കുറിച്ചും
സംസാരിക്കാം
അല്ലെങ്കിൽ മെസ്സിയോ നൈമറോ
കേമെനെന്നു തർക്കിക്കാം...

Thursday, July 31, 2014

മരം

കാണുന്ന മരങ്ങളെല്ലാം
വില പറഞ്ഞു
മുറിച്ചുകടത്തി കാശുകാരനായ
ബാപ്പ മരിച്ചപ്പോൾ
ഖബറിന്റെ മീസാൻ കല്ലിനരികിൽ
ഒരു മരം നടാൻ
മകൻ ചുറ്റും നോക്കി.
ബാപ്പ കാണാത്ത
പച്ചയുടെ ഒരു തുരുത്ത്
ഇനി ഇവിടം ബാക്കിയുള്ളത്
ഈ പള്ളിക്കാടുകളാണ്
ദയവായി അതിൻമേൽ
കണ്ണുവെക്കല്ലേ മകനെ
ഇവിടെയെങ്കിലും
ഞങ്ങളൊന്നു തണൽ കിട്ടി
ഉറങ്ങിക്കോട്ടെ...! 

Tuesday, June 3, 2014

കൂട്ട് കെട്ട്

വെള്ളമടിച്ചു
ദേഹത്ത് വീണ
കൂട്ടുക്കാരനെ
ഉയർത്താൻ ശ്രമിച്ചപ്പോൾ
ആണ് എനിക്ക് ഒരു കാര്യം
മനസ്സിലായത്
നല്ല സുഹു്ത്തുക്കൾ എന്നും
ഒരു ഭാരമാണന്നു...!

പാവം ദൈവം

മതത്തിന്റെ പേര് പറഞ്ഞു
നിങ്ങൾ തല്ലി മരിച്ചോളു
പക്ഷെ ദൈവത്തെ കൊല്ലരുത്
പാവം ദൈവം
ബൈബിളിലും
ഖുർആനിലും
രാമായണത്തിലും
അലമാരയിൽ പൊടിപിടിച്ചു
ഉറങ്ങിക്കോട്ടെ....!

Friday, May 30, 2014

വൃത്തം മണ്ഡരി

ആരു പറഞ്ഞു
കവിതയിൽ വൃത്തം ഉണ്ടെന്നു
'വട്ടത്തിൽ ഇട്ടാൽ
അത് തന്നെ വൃത്തം '
അപ്പോൾ കവിതയിൽ
വൃത്തം ഇല്ലല്ലോ...?

മറയൂർ 0 km

ആർക്കാണ് ചേതം
ഉടൽമരം നഷ്ടപെട്ട വേരുകൾക്കോ.
കോടികൾ പോയാൽ
കൊടികൾ വരാറുണ്ട്
നീലെക്കെതിരെ ചുവപ്പ്
ചുവപ്പിനെതിരെ പച്ച
അങ്ങിനെ അങ്ങിനെ ....
ഇവിടെ ആരും ഇല്ലല്ലോ
എന്റെ മറയൂർ
ചന്ദനം നടന്നു പോയ വഴികളിൽ
അല്ലെങ്കിലും
ആർക്കാണ് ചേതം ഉടൽ മരം നഷ്ടപെട്ട
വേരുകൾക്കോ...?

Wednesday, April 16, 2014

തെരഞ്ഞടുപ്പ്

എന്റെ മാതാവേ
ഇവന്മാരുടെ ഇടയിലിട്ടു
എന്നെ ഇങ്ങനെ കഷ്ടപെടുതാണ്ട്
ഇവന്മാരെ കുറച്ചു
നേരത്തെ നിനക്ക്
വിളിച്ചു കൂടെ ...
വിളിക്കുമോ...
ങേ...ങേ....

# സഖാവ് ഇന്നസെന്റ് തെരഞ്ഞടുപ്പ് ശേഷം

Thursday, January 16, 2014

നബിദിനം

നമുക്ക് ദൈവവും റസൂലും മതി
അവർ വേലികൾ കെട്ടിയിട്ടില്ല
മതിലുകൾ കെട്ടി ഉയർത്തിയിട്ടുമില്ല
ജാഥകൾ നടത്തി വഴി തടഞ്ഞിട്ടുമില്ല....!

Tuesday, June 5, 2012

ഭൂതം

കൊച്ചുംനാളില്‍
ഉറക്കം വരാതെ
അന്തിപ്പായയില്‍
ഉരുണ്ടു കളിക്കുമ്പോള്‍
ഉമ്മ  പറയും:
"ഉറങ്ങാണ്ടെയിരുന്നാല്‍
ഭൂതം വന്നു പിടിച്ചോണ്ട് പോവും"
കൊല്ലങ്ങള്‍ക്കിപ്പുറം
ഉറങ്ങാനൊരുങ്ങുമ്പോള്‍
ഭൂതകാലം വന്നെന്നെ
വേട്ടയാടിത്തുടങ്ങിയപ്പോഴാണ്
അന്ന് ഉമ്മ  പറഞ്ഞ ഭൂതം
എന്തെന്നറിയുന്നത് .

Sunday, April 1, 2012

തീരം.

ഒരു നിഘണ്ടു വേണം
അര്‍ത്ഥമില്ലാതെ അലയുന്ന
ഈ വാക്കുകള്‍ക്ക്
ജീവിതം,പ്രണയം,മരണം.
പല തവണ വെട്ടിയും തിരുത്തിയും
എഴുതിയത് മതിയായി
ഇനി ഇവ എഴുതാന്‍ നല്ലത്
ഈ തീരത്താണ്
എവിടെ എന്ത് എഴുതിയാലും
തിരകള്‍ മയ്ക്കുമല്ലോ...
കൂടെ കണ്ണ് നനഞ്ഞത്
വെള്ളമാണന്ന്‍ കള്ളവും പറയാം
കണ്ണീരെന്ന് പറഞ്ഞ്
ആരും കളിയാക്കുകയുമില്ലല്ലോ...?

ഞാനും മരിച്ചു.

ഞാനും മരിച്ചു.
വിരലിലെണ്ണാവുന്നവര്‍
വെന്നങ്കിലും
നന്മ പറയാന്‍ ഒരുത്തനും
നേരം കിട്ടിയില്ല
എന്റെ വീട്ടില്‍
എല്ലാ മൊബൈല്‍ കബനിക്കും
ഫുള്‍റേഞ്ച് ആണല്ലോ...?

വാര്‍ത്ത‍ അറിയിക്കാന്‍
പോയ വണ്ടിയെ
ഹര്‍ത്താലനുകൂലികള്‍
തടഞ്ഞു വെച്ചുവെത്രേ!
കത്തിച്ച ടയറിന്റെ
പുകയുടെ ആഴം
ചര്‍ച്ചയായതോടെ
എന്റെ മരണത്തിന്
നാട്ടിലും സ്കോപില്ലാതെയായി...

ഇന്ന് സഞ്ചയനം,
നാല്‍പ്പതാം ചരമദിനം
വേര്‍പ്പാടിന്റെ ഒന്നാം വര്‍ഷം
ഇവന്മാരിങ്ങെനെ
നിരന്നു നിന്നത് കൊണ്ട്
ചരമ കോളത്തിന്റെ ഒരു മൂലയിലും
ഇടവും കിട്ടിയില്ല..

മരിക്കും മുന്പേ
ഞാനും ആഗ്രഹിച്ചിരുന്നു
മന്ത്രിയാവണമെന്നു,
ഗസല്‍ ഗായകനാകണമെന്നു,
ചിത്രകാരനാകണമെന്നു,
അറിയപ്പെടുന്ന എഴുത്തുകാരനാകണമെന്നു,
ഒരു നാട്ടു പ്രമാണിയെങ്കിലും...
ഒന്നുമാവാതത്തില്‍
ഇപ്പോളെനിക്ക് ഒരു സങ്കടവുമില്ല
എന്തിനാ വെറുതെ
ഈ ആളുകളെ കൊണ്ട്
പറിയിപ്പിക്കുന്നത്
നാടിനും, രാജ്യത്തിനും
ഒരു തീരാ നഷ്ടമായെന്നു...!


Saturday, February 25, 2012

വിഷാദം

പലതും പ്രതീക്ഷിച്ച്‌
ഭൂമിയിലേക്ക്‌ വന്നു വീണു
ഒന്നും കിട്ടാതെ പോയവന്റെ മട്ടാണ്
മിക്ക മനുഷ്യജന്മങ്ങളുടെയും.
സൂര്യനും അതെ
പകലോളം ജ്വലിച്ച
നിന്നിട്ടും
കണ്ടില്ലേ
സന്ധ്യയുടെ കേന്‍വാസില്‍
അവന്‍ പടര്‍ത്തിയ
വിഷാദത്തിന്‍റെ ചെഞ്ചായം!!