Tuesday, September 26, 2017

വൃദ്ധ സദനം

മരണം അവർക്ക് ഒരു അഭയ കേന്ദ്രമായിരുന്നു ,രക്ഷപ്പെടലായിരുന്നു.അവിടെ ഒരിക്കലും രംഗ ബോധമില്ലാത്ത കോമാളിയായ് മരണം കടന്ന് വരാറില്ല.ചില സമയങ്ങളിൽ മരണം നക്ഷത്രങ്ങളെപ്പോലെ വളരെ അകലെയാണെന്നു അയാൾക്ക്‌ തോന്നി.അയാൾ ദയനീയമായ് അമ്മയുടെ ചുമലിൽ കൈവെച്ചു കൊണ്ട്   യാചിച്ചു.
സാർ എന്റെ അമ്മക്ക് വേണ്ടി എനിക്ക് ഒരു അഡ്മിഷൻ തരുമോ?
ഡയറക്ടർ കൈ മലർത്തി നോട്ടീസ് ബോർഡിലേക്കു ചൂണ്ടി കാണിച്ചു..

'ഇനിയൊരാൾ മരിക്കുന്നത് വരെ പുതിയ അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.
ഡയറക്ടർ
വൃദ്ധ സദനം
സ്നേഹ ഭവനം ട്രസ്റ്റ്
ഒപ്പ്.'

...... discovered by നാണപ്പൻ.

ഫെഡറിക് നിക്ഷേ (നീച്ച) മോസ്കൊ സിറ്റിയിലെ തെരുവുകളിലെ ചുമരുകളിൽ 'ദൈവം മരിച്ചു'വെന്ന്‌ പോസ്റ്റർ എഴുതി ഒട്ടിച്ചു.പക്ഷെ അത് വായിച്ചത് പ്രപഞ്ചത്തിലെ മുഴുവൻ മനുഷ്യരുമായിരുന്നു.കേഴ്‌സൺ പ്രഭു ആ ഭാഗം വീണ്ടും ഒരാവർത്തി വായിച്ചു.കൃത്യസമയത്തു ചുങ്കം പിരിവു നൽകാൻ വിമുഖത കാണിക്കുന്നവർക്കുള്ള ഭവിഷത്തു പോസ്റ്റർ രൂപത്തിൽ എഴുതി പതിപ്പിച്ചാൽ പെരുംമ്പറയും വിളംബരവും എന്ന പ്രഹസനത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ഫലം ലഭിക്കുമെന്ന് സായിപ്പിന് ബോധോദയം ഉണ്ടാകുന്നു.ലോകത്തിലെ ഏറ്റവും വലിയ ആയുധം തൂലികയാണല്ലോ?ഉടനെ നാണപ്പനെ വിളിക്കുന്നു.തെരുവിലെ ഓരോ ചുമരിലും, മരത്തിലും പോസ്റ്റർ പതിച്ചു നീങ്ങവേ ഭയങ്കരമായ ഉഷ്ണം നാണപ്പനെ ക്ഷീണിപ്പിച്ചെങ്കിലും അതിനേക്കാൾ തളർത്തിയത് തന്റെ കയ്യിൽ ഒരു തുട്ട് പൈസ ഇല്ലാ എന്ന ഭീകര സത്യമാണ്.തെരുവിൽ നിന്നും വെള്ളം കുടിച്ചു വിശപ്പടക്കാൻ ശ്രമിച്ചു വീണ്ടും മുന്നോട്ടു നീങ്ങാവെ അയാളുടെ ശരീരം പണിമുടക്കൽ പ്രഖ്യാപിക്കുന്നതിന്റെ സൂചനകൾ നൽകുന്നു.
നാണപ്പന്റെ പാദങ്ങൾ പതറുകയാണ് കൈകൾ വിറക്കുകയാണ് മനസ്സ് ചിതറി തുടങ്ങിയപ്പോൾ അയാൾ മരച്ചുവട്ടിൽ ചാരിയിരുന്നു.മുന്നിൽ മൈദയും പോസ്റ്ററുകളും വിശപ്പും മാത്രം.അയാൾ എന്തോ തീരുമാനിച്ചുറച്ച പോലെ ശേഷിക്കുന്ന മൈദയും ബക്കറ്റിലേക്കിടുന്നു.കൈകൾ കൊണ്ട് ഇളക്കി മറിച്ചു കൊണ്ടിരിക്കെ അത് റബ്ബർ പോലെ ആകുന്നു.വിശപ്പ് പൂർണ്ണമായും കീഴടക്കിയ ഘട്ടത്തിൽ താൻ മരിച്ചു പോകുമെന്നു ഉറപ്പായപ്പോൾ ഇത് തന്നെ ഭക്ഷണമാക്കാം എന്ന തിരിച്ചറിവ് അത് പരത്തി വേവിക്കാം എന്ന ആശയത്തിലെത്തുന്നു.സാമാന്യത്തിലധികം പരന്നു റബ്ബർ ഷീറ്റ് പരുവത്തിലായപ്പോൾ അത് കഷ്ണിച്ചു റോളാക്കി വീണ്ടും പരത്തി ശേഷിക്കുന്ന പോസ്റ്ററുകൾ കത്തിച്ചു അത് വേവിക്കുന്നു.
അത് ഭക്ഷിച്ചു യുറീക്കാ... യുറീക്കാ...എന്ന് നിലവിളിച്ചു കൊണ്ട് നാണപ്പൻ ആ പ്രദേശം മുഴുവൻ ഓടി.വിശപ്പ് മാറിയ സന്തോഷത്തിൽ തന്റെ അമ്മയുടെ പേര് ഉച്ചത്തിൽ അയാൾ വിളിച്ചു പറഞ്ഞു
പാറൂട്ടി...പാറൂട്ടി....
യുറീക്കാ ...യുറീക്കാ....
പാറൂട്ടി... പാറൂട്ടി...പ്രപഞ്ചം മുഴുവൻ അത് അലയടിച്ചു...
പ്രിയ സുഹൃത്തുക്കളെ പിൻ കാലത്തു
പാറൂട്ടി രൂപാന്തരം സംഭവിച്ചാണ് ഇന്ന് നാം കാണുന്ന "പൊറാട്ട" ഉണ്ടായത്.
ചരിത്രത്തിൽ എവിടെയും നിങ്ങൾ നാണപ്പനെ തിരയരുത്.ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ട് നാണപ്പൻ എവിടെയും വൈറലും ആയില്ല. 1903 ലെ കേഴ്‌സൺ പ്രഭുവിന്റെ ഡയറിയിൽ ചുവപ്പും പച്ചയും നിറത്തിൽ ഇങ്ങിനെ രേഖ പ്പെടുത്തിയിരുന്നു
"പൊറാട്ട discovered by നാണപ്പൻ"
.he is from kerala India

നിറം

വെളുപ്പ് കറുപ്പിനോട് ചോദിച്ചു
വീടിനു മൂലയിലിങ്ങനെ ഒതുങ്ങി നിൽക്കാൻ നിനക്കെന്തു പറ്റി ?
കറുപ്പ് തിരിച്ചു ചോദിച്ചു
നിനക്കെന്തു പറ്റിയെന്ന് ചോദിക്കും മുൻമ്പേ തോളിൽ കൈവെച്ചു ഒരുമിച്ചു ഉത്തരം തേടി നമ്മളിറങ്ങാത്ത കാലത്തോളം ഞാനങ്ങെനെ ഉത്തരം നൽകും.
പിന്നെ വെളുപ്പ് വെളിച്ചത്തിലേക്കും
കറുപ്പ് ഇരുട്ടിലേക്കും യാത്രയായി...!

അതെ സമയം.

കാണാൻ?
വെളുത്ത പെൺകുട്ടിയാണ്
എന്നാൽ പോകാം
അയാൾ കുളിച്ചുമാറ്റി പെണ്ണുകാണാൻ പോവാൻ റെഡിയായി.
അതേ  സമയം
'മനുഷ്യന്റെ അസ്തികളോട് ചേർത്തുറപ്പിച്ചു വെച്ചിട്ടുള്ള നിറത്തോടുള്ള മനോഭാവം എന്ന് മാറുന്നുവോ അന്ന് നാമെല്ലാം മനുഷ്യജീവിയാണ് എന്ന സത്യം തിരിച്ചറിയും' എന്ന അയാളുടെ സ്റ്റാറ്റസിന് ലൈക്ക് വന്നു കൊണ്ടേയിരുന്നു....!

ഇന്നും.

വാതിലടച്ചു.
വീണ്ടും അവൾ സ്വയം ചോദിച്ചു.
ഇതുവരെ എത്രപേരുടെ മുന്നിലാണ്  താൻ അണിഞൊരുങ്ങി ചായയുമായി നിന്നത്?
അപ്പോഴും  തൊട്ടടുത്ത പേജിൽ തിളങ്ങുന്ന അക്ഷരങ്ങളതാ നൃത്തം വെക്കുന്നു ഓരോ പുരുഷനും മനസ്സിലുറപ്പിച്ച അതെ മഷി,അതെ നിറം,അതെ ഒതുക്കമുള്ള വാചകം
'വെളുത്ത സുന്ദരിയായ പെൺകുട്ടി'

ബോസ്സ് മലയാളി!

മലയാളം മരിക്കുകയാണെന്ന വിഷയത്തിനെ ആസ്പദമാക്കി തയ്യാറാക്കിയ ഉപന്ന്യാസം പുസ്തകരൂപത്തിലാക്കാൻ അയാൾ പ്രസ്സിൽ എത്തി.
ഇവിടെ ആരുമില്ലേ എന്ന ചോദ്യത്തിന് ഉത്തരമായി അച്ചടിക്കാരൻ തല പുറത്തേക്കിട്ടു അയാളോട് ചോദിച്ചു
യെ ക്യാ ഹെ ?
കയ്യിലെ മലയാളം മനസ്സിനോട് ചേർത്ത് പിടിച്ചയാൾ വീണ്ടും ചോദിച്ചു
ഇവിടെ മലയാളികളായി ആരും ഇല്ലേ ?
ഹമാര ബോസ്സ് മലയാളി ഹെ.
നെടുവീർപ്പോടെ ചുറ്റും നോക്കി പിന്നെ അയാൾ മലയാള ഭാഷയുമായി തിരിഞ്ഞു നടന്നു...!

നുണ

"എല്ലാം ശരിയാകും "എന്ന വാക്കു വെറും പാഴ്വാക്കാണു.
ഒരു മനുഷ്യൻ വീണ്ടും വീണ്ടും ജീവിക്കാനും, ജീവിപ്പിക്കാനും മനുഷ്യൻ പരസ്പരം പറയുന്ന വലിയ ഒരു നുണയാണത്‌.!

രണ്ട് സ്വപ്നങ്ങൾ

ഒന്ന്

പാരിസ് നഗരം അതേ മുറുക്കാൻ കട.ചുരുട്ട് വലിച്ചു ഇരുട്ടിനെ കീറിമുറിച്ചു പോകുന്ന അയാളുടെ അടുത്ത് ഞാൻ കിതച്ചെത്തി
അതെ! കാമു തന്നെ ആൽബർട്ട് കാമു.ജീവിതത്തിൽ അതിസംഗീർണ്ണമായ ഒരുപാട് കരുതി വെച്ച ചോദ്യങ്ങൾ ആരായും മുൻപേ ഞാൻ ചോദിച്ചു
സുഖമല്ലേ?
ജീവിതം അർത്ഥ ശൂന്യമാണ് എന്ന് പറഞ്ഞ ആ മഹാൻ എന്റെ ചോദ്യം കേട്ട് തുറിച്ചുനോക്കി പിന്നെ ചിരിച്ചു...പിന്നെ പിന്നെ അട്ടഹസിച്ചു ചിരിച്ചു...!

രണ്ട്

എല്ലാവരും എന്തോ തിരക്കിൽ ആണ്.ഞാനൊന്നു ശങ്കിച്ചു.സ്വർഗ്ഗത്തിലും എല്ലാവർക്കും തിരക്കോ !
സ്വർഗത്തിലെ ഭാഷ യെന്താകും എന്നായിരുന്നു എന്റെ ചിന്ത.പിന്നിൽ നിന്ന് ഒരാൾ പുറത്തു തട്ടി പറഞ്ഞു
നിങ്ങൾ മലയാളികളുടെ പതിവ് ചോദ്യം ഇവിടെ ആരോടും ചോദിക്കരുത്.നിങ്ങൾ അറിയുന്നവരോട് പോലും
ഇവിടെ എല്ലാവർക്കും സുഖമാണ്!

പ്രവാസം

പ്രവാസ ലോകത്തു
നിശബ്ദരാവുമ്പോൾ
നമുക്കു ചുറ്റും 
കൂടണയാൻ വെമ്പുന്നവരുടെ
കരച്ചിൽ കേൾക്കാം
വഴി തെറ്റിയതു കൊണ്ടാവണമെന്നില്ല അത്
ചിലപ്പോൾ
കനവുകൾ പൂക്കുന്ന പൂന്തോട്ടത്തിൽ
സ്വയം ചിതറി മരിക്കുന്ന
പൂമ്പാറ്റകളുടെ ആത്മഗതമാവാം അത്...

Wednesday, December 23, 2015

സ്നേഹം


സ്നേഹം എന്ന വാക്ക്
കേള്ക്കുകയോ കാണുകയോ
ചൊല്ലുകയോ ചെയ്താൽ
വട്ടമിട്ടു വെക്കണം
എവിടേക്കും കുതറി ചാടി പോകാതെ
ഒരുപാട് കിട്ടില്ലന്നറിയാം
എന്നാലും
പണ്ട് നമ്മൾ ഒരുമയോടെ
'ഒരു' കളിച്ചത് പോലെ
ഓർമ്മയില്ലേ....?

Saturday, December 19, 2015

ഞാനും നീയും 


നാംമെല്ലാം ഒന്നെന്ന്
പറഞ്ഞത് ആരാണ് ?
ഒന്നു മൊന്നും രണ്ടന്നും
രണ്ടു മൊന്നും മൂന്നന്നും
പഠിച്ച നമ്മളോട്
ഞാനും നീയും
രണ്ടല്ലെന്നു പറഞ്ഞിണ്ടന്തു കാര്യം ?



Friday, December 11, 2015

നൗഷാദ്നു മുന്പിൽ നാം ചെറുതാകുമ്പോൾ !


ഒരു മുസ്ലിം ഉമ്മയുടെ
ഗർഭപാത്രത്തിൽ
പുഷ്പിച്ചതിനാൽ
ഞാനൊരു മുസൽമാൻ..!
നീയോ ..?
വെളളവും, വായുവും,
വെളിച്ചവും ...ദൈവത്തിന്റെ -
ഓസാരങ്ങളങ്ങിനെ വാങ്ങി വിഴുങ്ങുന്നവരെ
ദൈവം സൃഷ്ടിചപ്പോൾ
അതിർത്തികളില്ലാതെ
ഭൂമി ഒന്നായിരുന്നു !


# മതത്തിനു മുന്പിൽ തോറ്റുപോയ നൗഷാദ്
തുണി പൊക്കിനോക്കി പറയുന്ന പുതിയ സംസ്ക്കാരത്തിന്റെ മുന്പിൽ പ്രിയ സഹോദരാ മാപ്പ് !

Wednesday, November 4, 2015

അഞ്ചുവർഷ പക്ഷികൾ.


ഓരോ കാലത്ത്‌
അവരവരുടെ ഭാഗം
അഭിനയിച്ചു പറന്നു പോകുന്ന
പക്ഷികൾക്കു
ഇനിയും ഞാനത് വലിച്ചറിയണം
കണ്ണടച്ചു
വായടച്ചു
ചെവിയടച്ചു നിൽക്കാൻ
പറ്റുന്നില്ലല്ലോ കലപില കൂടുന്ന
ഈ പക്ഷികൾക്കു മുൻമ്പിൽ
അവർക്കറിയാം
എന്റെ ഉളളംകയ്യിലൊരു
ഒളിപ്പിച്ചു വെച്ചൊരു വോട്ടുണ്ടെന്ന്..! 

ഫാസിസമേ...


ഈ മഴ വഴിയിൽ
ഉണങ്ങി പോയിരിക്കുന്നു എല്ലാം.
കാറ്റിനോടും മഴയോടും
വെയിലിനോടും മഞ്ഞിനോടുംഗസൽ പാടി
തണലായി നിൽക്കേണ്ട മരങ്ങളെ
ദൈവമറിയാതെ
മരണത്തിന്റെ തോണിയിലേക്ക്‌
ആരാണ് കുത്തിനിറച്ചത് ?

മാംസം തിളച്ചു വേവുന്നതിനിടയിൽ
ചില്ലുപോലെ കനത്തു -
തണുത്തൊരു മഴത്തുളളിയെ
ആരാണ് തല്ലിയുടച്ചത് ?

ക്ഷേത്ര നടയിൽ ദൈവത്തോടു
സങ്കടം പറയാൻ പോയ
പച്ചയായ ഇലയെ
മൂത്തു പഴുത്തു വീഴും മുന്പേ
ഏതു കാറ്റിലാണ് ആടിയുലഞ്ഞു വീണത്‌ ?

ഈ മഴ വഴിയിൽ
മാറി പോയിരിക്കുന്നു എല്ലാം
പിന്നെ
ഞാനും നീയും !


# ഫാസിസത്തിന് മുന്പിൽ ഉണ്ണാനും, പാടാനും, പറയാനും,എഴുതാനും ,പ്രണയിക്കാനും പറ്റാതെ തല കുത്തി നിൽക്കുന്നു ഞങ്ങൾ.
ഗൊവിന്ദു പൻസാരെ,നരേന്ദ്ര ദഭൊൽക്കരെ,
മുഹമ്മദ്‌ അഖ് ലാഖ് , 90 വയസ്സിൽ അമ്പലത്തിൽ ദൈവത്തോട് സങ്കടം പറയാൻ പോയ ചിമ്മാ, മാപ്പ് .


Thursday, October 29, 2015

സ്വകാര്യം


ഇതൊന്നു പറയാൻ
ഞാനെത്ര നേരമായി
നിൽക്കുന്നതന്നു അറിയാമോ
നിങ്ങളൊന്നു നിശബ്ദരാകുമെങ്കിൽ
ഞാനൊരു സ്വകാര്യം പറയാം
വാതോരാതെ പുലമ്പുന്ന
ഫാസിസമോ ഗോമാതാവോ
കമ്മ്യുണിസമോ തീവ്രവാദിയോ
മതമോ ജാതിയോ
കറുത്തവനോ വെളുത്തവനന്നുമല്ല പ്രശ്നം
ആദി പാപത്തിൽ
കൈമോശം വന്ന
ഏദൻ തോട്ടത്തിലെ
ആപ്പിൾ തന്നെയാണ് !

Sunday, October 25, 2015

കൊതി.


ചൊവ്വയിൽ വെളളമുണ്ടന്നു പറയുമ്പോൾ
നാം എന്താണ് ചിന്തിക്കേണ്ടത്
അവിടെ മഴയുണ്ടന്നോ
കടലുണ്ടന്നോ
പുഴയുണ്ടന്നോ
ഒഴുക്കുന്ന അരുവികളുണ്ടന്നോ
മരങ്ങളുണ്ടന്നോ
വയലുകളുണ്ടന്നോ
ചെടികളും പൂക്കളുമുണ്ടന്നോ
ജനിച്ചും ജീവിച്ചും കടന്നുപോകുന്നവരുണ്ടന്നോ...
അല്ലെങ്കിൽ നിങ്ങൾ തന്നെ പറയു
വെളളത്തിനു ഇവയോടല്ലാതെ
മറ്റന്തിനോടാണ് കൊതി  ?

Monday, October 12, 2015

തിരുത്തപെടേണ്ട കവിത 


മരിച്ച ആ പാവത്തെ
നിങ്ങളൊന്നു വെറുതെവിടു
മരിച്ചവരാരും തിരിച്ചുവന്നിതുവരെ
ഒന്നും തിരുത്തിയിട്ടില്ല
'ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന് '-
എന്നത് അദ്ധേഹം കളളം പറഞ്ഞതാണ് !