Thursday, January 16, 2014

നബിദിനം

നമുക്ക് ദൈവവും റസൂലും മതി
അവർ വേലികൾ കെട്ടിയിട്ടില്ല
മതിലുകൾ കെട്ടി ഉയർത്തിയിട്ടുമില്ല
ജാഥകൾ നടത്തി വഴി തടഞ്ഞിട്ടുമില്ല....!

Tuesday, June 5, 2012

ഭൂതം

കൊച്ചുംനാളില്‍
ഉറക്കം വരാതെ
അന്തിപ്പായയില്‍
ഉരുണ്ടു കളിക്കുമ്പോള്‍
ഉമ്മ  പറയും:
"ഉറങ്ങാണ്ടെയിരുന്നാല്‍
ഭൂതം വന്നു പിടിച്ചോണ്ട് പോവും"
കൊല്ലങ്ങള്‍ക്കിപ്പുറം
ഉറങ്ങാനൊരുങ്ങുമ്പോള്‍
ഭൂതകാലം വന്നെന്നെ
വേട്ടയാടിത്തുടങ്ങിയപ്പോഴാണ്
അന്ന് ഉമ്മ  പറഞ്ഞ ഭൂതം
എന്തെന്നറിയുന്നത് .

Sunday, April 1, 2012

തീരം.

ഒരു നിഘണ്ടു വേണം
അര്‍ത്ഥമില്ലാതെ അലയുന്ന
ഈ വാക്കുകള്‍ക്ക്
ജീവിതം,പ്രണയം,മരണം.
പല തവണ വെട്ടിയും തിരുത്തിയും
എഴുതിയത് മതിയായി
ഇനി ഇവ എഴുതാന്‍ നല്ലത്
ഈ തീരത്താണ്
എവിടെ എന്ത് എഴുതിയാലും
തിരകള്‍ മയ്ക്കുമല്ലോ...
കൂടെ കണ്ണ് നനഞ്ഞത്
വെള്ളമാണന്ന്‍ കള്ളവും പറയാം
കണ്ണീരെന്ന് പറഞ്ഞ്
ആരും കളിയാക്കുകയുമില്ലല്ലോ...?

ഞാനും മരിച്ചു.

ഞാനും മരിച്ചു.
വിരലിലെണ്ണാവുന്നവര്‍
വെന്നങ്കിലും
നന്മ പറയാന്‍ ഒരുത്തനും
നേരം കിട്ടിയില്ല
എന്റെ വീട്ടില്‍
എല്ലാ മൊബൈല്‍ കബനിക്കും
ഫുള്‍റേഞ്ച് ആണല്ലോ...?

വാര്‍ത്ത‍ അറിയിക്കാന്‍
പോയ വണ്ടിയെ
ഹര്‍ത്താലനുകൂലികള്‍
തടഞ്ഞു വെച്ചുവെത്രേ!
കത്തിച്ച ടയറിന്റെ
പുകയുടെ ആഴം
ചര്‍ച്ചയായതോടെ
എന്റെ മരണത്തിന്
നാട്ടിലും സ്കോപില്ലാതെയായി...

ഇന്ന് സഞ്ചയനം,
നാല്‍പ്പതാം ചരമദിനം
വേര്‍പ്പാടിന്റെ ഒന്നാം വര്‍ഷം
ഇവന്മാരിങ്ങെനെ
നിരന്നു നിന്നത് കൊണ്ട്
ചരമ കോളത്തിന്റെ ഒരു മൂലയിലും
ഇടവും കിട്ടിയില്ല..

മരിക്കും മുന്പേ
ഞാനും ആഗ്രഹിച്ചിരുന്നു
മന്ത്രിയാവണമെന്നു,
ഗസല്‍ ഗായകനാകണമെന്നു,
ചിത്രകാരനാകണമെന്നു,
അറിയപ്പെടുന്ന എഴുത്തുകാരനാകണമെന്നു,
ഒരു നാട്ടു പ്രമാണിയെങ്കിലും...
ഒന്നുമാവാതത്തില്‍
ഇപ്പോളെനിക്ക് ഒരു സങ്കടവുമില്ല
എന്തിനാ വെറുതെ
ഈ ആളുകളെ കൊണ്ട്
പറിയിപ്പിക്കുന്നത്
നാടിനും, രാജ്യത്തിനും
ഒരു തീരാ നഷ്ടമായെന്നു...!


Saturday, February 25, 2012

വിഷാദം

പലതും പ്രതീക്ഷിച്ച്‌
ഭൂമിയിലേക്ക്‌ വന്നു വീണു
ഒന്നും കിട്ടാതെ പോയവന്റെ മട്ടാണ്
മിക്ക മനുഷ്യജന്മങ്ങളുടെയും.
സൂര്യനും അതെ
പകലോളം ജ്വലിച്ച
നിന്നിട്ടും
കണ്ടില്ലേ
സന്ധ്യയുടെ കേന്‍വാസില്‍
അവന്‍ പടര്‍ത്തിയ
വിഷാദത്തിന്‍റെ ചെഞ്ചായം!!

Thursday, November 24, 2011

കള്ളമോതുന്നവര്‍ക്ക്

ദൈവം
കള്ളമോതുന്നവര്‍ക്ക്
കഠിന ശിക്ഷ
കാത്തുവെച്ചിട്ടുണ്ട്‌
പോല്‍ !
നിത്യം സുഖമാണെന്നു
കാണുന്നവരോ
ടൊക്കെയും കള്ളമോതി  കാലം  തീര്‍ത്തതിനു
ദൈവം  കാത്തുവെച്ച
ശിക്ഷയുടെ  കടലാഴം
എത്രയാണാവോ ...?

Wednesday, October 26, 2011

വണ്ടിനെപ്പറ്റി പൂക്കള്‍ക്കെന്നും

വണ്ടിനെപ്പറ്റി പൂക്കള്‍ക്കെന്നും
പരാതിയേയുള്ളൂ
പെണ്ണിന്
ആണിനെപ്പറ്റിയെ
ന്ന പോലെ
എത്ര മധുരം കൊടുത്തിട്ടെ
ന്താ
എത്ര ക്ഷണികനേരം കൊണ്ടാണ്
പൂവിലിരുന്ന് മധു നുകര്‍ന്ന്
അത് പറന്നകലുന്നത്

Sunday, October 23, 2011

നീയും നക്ഷത്രവും

നീയും നക്ഷത്രവും
ഒരുപോലെയാണ്
പകല്‍ ഞാന്‍ ഉണരുമ്പോള്‍
പറഞ്ഞു തീര്‍ന്നിട്ടിലാത്ത
കഥ പറയാന്‍  പിന്നെയും
കാത്തു നില്‍ക്കണം
അന്ധിയോളം...

നിന്നെ തേടിയുള്ള യാത്ര

ഒരിക്കലും
നിന്റെ അരികില്‍ എത്തരുതന്നാണ്
എന്റെ പ്രാര്‍ത്ഥന
നീ ഉള്ളയിടം
നിന്നെ തേടിയുള്ള യാത്രയെക്കള്‍
മാധുര്യമുണ്ടോ..?

Monday, July 18, 2011

നഷ്ടങ്ങളുടെ കണക്ക്

വെളിച്ചമേ
നിനക്ക് കൃത്യതയുണ്ട്
നീ പുറപ്പെടുകയും വെന്നത്തുകയും
ചെയ്യുന്നതിന്
എനിക്ക് ഒന്നേ പറയാനുള്ളൂ
നീ ഇരുട്ടുമായി കൂട്ടുകൂടരുത്
എവിടയും കയറിവരാന്‍ ഉള്ള
അവന്‍റെ സ്വാതന്ത്രം
നീ കണ്ട സുന്ദരലോകത്തെ
അഴുക്കുപിടിച്ച തുണികളാക്കും
പിന്നെ നീയും പറയും
നഷ്ടങ്ങളുടെ കണക്ക് .......

മുടി

മുടിയിഴ തുമ്പുകളെ
പ്രശംസിച്ചു പാടി പാടി
പിറകെ വരരുതേ
ഒരിഴ പൊട്ടി ചോറില്‍ വന്നതിനു
ആക്രോശത്തിന്റെ വാള്‍മുന
കുത്തിയതിന്റെ പാട്
പെണ്ണിന്റെ നെഞ്ചിലെപ്പോഴു
മുണ്ട് -
ഉണങ്ങാതെ ...

Sunday, July 17, 2011

ഭ്രാന്ത്

ഇലകളെ മുഴുവന്‍
പൊടുന്നനെ
മണ്ണിലേക്ക് തള്ളിവിട്ടു
നഗ്നനായി
നാണമില്ലാതെ നില്‍ക്കുന്ന
മരത്തെ കാണുമ്പോഴും

സമയതാളം തെറ്റി
നട്ടുച്ചക്കും
നട്ടപ്പാതിരാ നേരത്തും
പൂവന്‍ കോഴി കൂവുമ്പോഴും

ഒന്നുറങ്ങി തുലഞ്ഞുകൂടെയെന്നു
ചോദിപ്പിക്കും വിധം
നിര്‍ത്താതെ ഓരിയിടുന്ന
ശുനകനെ കേള്‍ക്കുമ്പോഴു
 
ഒരു കല്ലെടുത്ത്‌
എറിയാന്‍ തോന്നും പടി
ഒരു താളവുമില്ലാതെ
പക്ഷി നിര്‍ത്താതെ ചിലക്കുമ്പോഴും

ഞാനൊരു കറുപ്പനാണെന്നു
കാണിച്ചുകൊടുത്ത കണ്ണാടിയെ
കൊത്തി കൊത്തിസ്വയം ഹത്യക്ക് ശ്രമിക്കുന്ന
കാക്കയെ സഹിക്കുമ്പോഴും

ഇല്ലെന്നു തോന്നും
ഇവിടെ
ഭ്രാന്തു വരാത്തവരായി
ആരും!

Tuesday, June 28, 2011

എവിടെ ?...

പകല്‍ മുഴുവന്‍
വെയില്‍ തിന്നു മരിച്ച
കരിയിലകള്‍
ഒന്ന് ചായാന്‍
എവിടെയാണ്
കൂടൊരുക്കിയത് ..?

സങ്കടം തിന്നു തീര്‍ത്ത
കാര്‍മേഘങ്ങള്‍
കണ്ണീര്‍ വാര്‍ക്കുന്നതിനിടയിൽ
വെളളിമേഘങ്ങൾ
എവിടെയാണ്
ഒളിഞ്ഞിരുന്നത് ..?

ഒരു സുനാമിയായ്
ഇരമ്പുന്നതിനു മുന്‍പേ
ഉളളിലൊതിക്കിവെച്ച
ദേഷ്യത്തിന്‍റെ ആഴം
കടല്‍ എവിടെയാണ്
ഒളിപ്പിച്ചിരുന്നത്..?

ഉടല്‍മരം നഷ്ടപെട്ട
വേരുകളായപ്പോള്‍
ഇലകളാല്‍ തുന്നിക്കെട്ടി
കുടൊരുക്കിയ ചോണനുറുമ്പുകള്‍
എവിടെയാണ്
ഉച്ചകോടി കൂടിയത് ..?

അരുതെന്ന് ചെല്ലുംമുന്പേ
മണ്ണുമാന്തികള്‍ ബലാത്സംഗത്തിനിരയാക്കിയ
മലകള്‍ കയറ്റുമതിചെയ്തപ്പോള്‍
കിടപ്പാടംനഷ്ട്പെട്ട കുഞ്ഞുകുരിവികള്‍
എവിടെയാണ്
ആത്മഹത്യചെയ്തത്‌..?


കാത്തിരിപ്പിന്റെ മാധുര്യം
വിഷാദ രോഗിയായ്
കൂറുമാറിയപ്പോള്‍
മിഴികളിലെ കണ്ണീര്‍തടാകം
എവിടെയാണ്
വറ്റിവരണ്ടത്..?

മഴ

ഓര്‍മ്മകളും
ദു;ഖവും
സന്തോഷവും
തേച്ചു മിനുക്കി
മഴ എവിടെക്കൊ
ഒഴുകി അകലും ...
തന്ന സന്തോഷം തിരിച്ചു ചോദിക്കാതെയും
തന്ന നഷ്ടങ്ങളെ തിരുച്ചു തരാതെയും ....

Monday, June 6, 2011



രേഖപ്പെടുത്തപ്പെട്ട കരച്ചിലാണ് കവിത

എക്സ്ട്രാ


നിരാശ
കടലോളം
അറ്റമില്ലാതങ്ങിനെ..

സങ്കടം
വാനോളം
എവിടേയോ അറ്റമുണ്ടന്നപോലെ..

പ്രതീക്ഷകള്‍

കൊടുംവേനലില്‍
കുളത്തിലെ ഒടുവിലെ നീര്‍ശ്വാസംപോലെ..

ചിന്തകള്‍
നഷ്ടഗോപുരങ്ങള്‍
പണിതുകൊണ്ടെയിരിക്കുന്നു..

മനസ്സ്
മിഴികളിലൂറിയ നീര്‍ക്കണതതിനു
വിള്ളല്‍ വന്നതെങ്ങേനെയെന്ന്
ചര്‍ച്ച ചെയ്യുന്നു.

സന്തോഷം
പിടി തരാതെ
ഒളിച്ചു യാത്ര തുടര്‍ന്ന്
എന്നെ ഒറ്റപെടുതുന്നത്‌
കൊണ്ടാവാം
ഇപ്പോയും ഞാന്‍
ജീവിതത്തില്‍
എക്സ്ട്രാ ബെഞ്ച്‌ലിരിക്കുന്നത്

Sunday, June 5, 2011

തോറ്റവരുടെ ഭൂപടത്തില്‍ നിന്ന്..

വാക്ക്,
ശ്വാസം മുട്ടി
യാത്രയായി.
സൌഹ്ര്ദം,
അങ്ങേതെതാടിയില്‍
തൂങ്ങി മരിച്ചു.
സ്നേഹം,
സ്വര്‍ഗത്തിലേക്ക്
യാത്രയായി.
കാലം,
കുരുരുട്ടില്‍
തപ്പിത്തടഞ്ഞു .
പ്രണയം,
ശിശുസംരക്ഷണ കേന്ദ്രത്തില്‍
അലറി.
സ്വപ്നം,
മണിമാളികയില്‍
ശിതീകരണത്തിലായി.
രോഗം,
തിമര്‍ത്തുപെയ്യുന്ന
മഴയായി.
കാറ്റു,
സ്വരം നഷ്ടപെട്ട
ഗായകനായി.
മഴ,
വെയിലിനോടു
കൈപണം വാങ്ങി.
ഒന്ന് പറയട്ടെ സുഹൃര്ത്തെ ,
നീ ശ്വസിച്ചുവിട്ട
അതെ പ്രാണവായുവില്‍
വിഷം കലര്‍ത്തി പരസ്പരം
കൊല്ലുന്നതിനെ മുന്പേ ,
പുതിയ കാലവും
ഇരുട്ട് പരന്ന സംസ്കാരവും
എന്‍റെ സ്വപ്നങള്‍ക്ക് മേല്‍
തീ കൊളുതതുന്നതിനു മുന്പേ
ഞാനും ഓട്ടമല്‍സരത്തിനു
തയ്യാറടുക്കുന്നു
തോറ്റവരുടെ ഭൂപടത്തില്‍
നിന്ന്....