Thursday, November 27, 2014

ചുംബന സമരം

ദാരിദ്ര രേഖയുടെ
അപ്പുറവും ഇപ്പുറവും നിന്ന്
ധനികൻ ദരിദ്രനെ
ചുംബിക്കാതെയും
ദരിധ്രന് ധനികനെ
ചുംബിക്കാനാവാത്തതുമാണ്
യെഥാർത്ഥത്തിൽ
ചുംബന സമരം ...!

Friday, September 26, 2014

രണ്ടു കവിതകൾ

വില

നുണ പറയരുതെന്ന്
എല്ലാവരും പറയും
നുണ പറയാൻ ഉള്ളതാണ്
നുണ പറയാൻ ഉള്ളതെല്ലെങ്കിൽ
സത്യത്തിനു പിന്നെ
എന്ത് വില...?!

നുണ

നുണ പറയരുതെന്ന്
എല്ലാവരും പറയും
നുണ പറയാൻ ഉള്ളതാണ്
നുണ പറയാൻ ഉള്ളതെല്ലെങ്കിൽ
പിന്നെ എന്തിനുള്ളതാണന്നു
നിങ്ങളൊന്നു പറഞ്ഞുതാ...!

Thursday, September 25, 2014

സങ്കടം

എനിക്ക് സങ്കടമുണ്ട്.
കുടിയുണ്ട്
വലിയുണ്ട്
സർവ്വ തോന്നിവാസി
എന്ത് വേണമെങ്കിലും പറഞ്ഞോളു
പക്ഷെ
എനിക്കുണ്ട് ഏഴട്ടു പിള്ളാർ
ആണായിട്ടും പെണ്ണായിട്ടും
ഒന്ന് പെറാൻ ആയിട്ടുമുണ്ട്
എന്നിട്ടും ഈ മനുഷ്യരെല്ലാം
എന്തിനാണ്
ഇങ്ങിനെ പറയുന്നതന്നു
എനിക്ക് മനസ്സിലാകുന്നില്ല
'ഒന്നിനും പറ്റാത്തവനെന്നു'...!

Friday, September 19, 2014

മനസ്സ് ഹാജരുണ്ടോ...?

സൂര്യൻ
പക്ഷികൾ
വൃക്ഷങ്ങൾ
കടലുകൾ
പുഴകൾ....
ഈ ലോകത്ത് അവരല്ലാം
സന്തോഷത്തിലാണ്
അല്ലെങ്കിൽ
അവര് അവരുടെ
ജോലികൾ പരസ്പരം
കൈമാറിയെനേ....
ചിലപ്പോൾ
സാദാ സമയം
ഭാവിയിലേക്കും
ഭൂതത്തിലേക്കും
മനസ്സിനെ ചലിപ്പിക്കുന്നത്
കൊണ്ടാവാം
മനുഷ്യൻ വർത്തമാനത്തിലെന്നും
ദുഖിതനായിരിക്കുന്നത്...!

Saturday, August 30, 2014

കൂലി വേല

എന്റെ അച്ഛൻ മരിച്ചത്
നിങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല
ഞാൻ മരിച്ചാലും
അത്ര തന്നെ..!
കൂലി വേല ചെയ്തു
മക്കളെ പോറ്റിയവന്
ചരിത്രത്തിലും വാർത്തയിലും
ഇടമില്ലല്ലോ...?
അല്ലെങ്കിലും
അദ്ധ്വാനിച്ചു മക്കളെ
പോറ്റുക എന്ന് കണ്ടത്തിയവൻ
ആരായിരിക്കും
എന്തായാലും അയാളൊരു
മഹാൻ ആയിരിക്കില്ല
ആയിരുന്നെങ്കിൽ
ചരിത്രത്തിന്റെ മൂലയിൽ
അയാൾക്കൊരു ഇടം കിട്ടിയേനെ
കൂടെ എന്റെ അച്ഛനും...!

Saturday, August 23, 2014

ഗാസ

ചാവുന്നത്തിന്റെ
കലാരൂപങ്ങൾ
കഴിഞ്ഞെങ്കിൽ
നമുക്ക് അവരുടെ
ക്കല്ലറക്ക് മുകളിൽ
ഇങ്ങിനെ എഴുതിവെക്കാം
Rest in peace
അയ്യോ തെറ്റിപോയി
Rest in piece ...! 

വട്ടൻ

ആരാ പറഞ്ഞത്
നമുക്ക് വട്ടില്ലെന്നു
ചിലപ്പോൾ
ഭൂമി വട്ടത്തിൽ
തിരിയുന്നത് കൊണ്ടാവാം
എല്ലാ മനുഷ്യരിലും കുറച്ചു
വട്ടു ഉണ്ടാകുന്നത്...!

Sunday, August 17, 2014

കണക്ക്

അച്ഛൻ കുട്ടിയോട്
ഒരു പള്ളി പൊളിക്കാൻ
ഒരാൾക്ക് പത്തു മിനുട്ടെങ്കിൽ
പത്തണ്ണം പൊളിക്കാൻ എത്ര മിനിറ്റ്
കുട്ടി തിരിച്ചു
അച്ഛാ അത് ക്രിസ്ത്യൻ പള്ളിയോ
മുസ്ലിം പള്ളിയോ...?

ഹരണം

എന്റെ കണക്കു കൂട്ടലുകളല്ലാം
പിഴച്ചു മകനെ
എന്റെ ഗതി നിനക്ക് വരരുത്
അച്ഛാ
നിങ്ങളുടെ പിഴച്ച കണക്കിലെ
ശിഷ്ടമല്ലേ ഞാൻ...!

Saturday, August 16, 2014

E-കവികളോട്

പ്രകൃതിയെകൊന്നു തിന്നുന്ന
E-കാലത്തിലെ  കവികളെ
കാര്‍മേഘത്തിനുകണ്ണീര്‍ വറ്റിയതും,
കല്പക വൃക്ഷങ്ങളെ
വ്യവസായ വിപ്ലവകാരികൾ
അറുംകൊല ചെയ്തതും,
കടലും കരയും കലഹിച്ചതും ,
കാഴ്ച നഷ്ടപെട്ട കാറ്റ്
ഗതിമാറി അലഞ്ഞതും ,
വറ്റിപോയ പുഴകളെ ഓർത്തു
മലകൾ കരഞ്ഞു തളര്ന്നുറങ്ങുന്നതും,
E -ബന്ധങ്ങള്‍ മധുരംനുണഞ്ഞു
ഗര്‍ഭ പാത്രം പുഷ്പിച്ചതും
നിങ്ങളറിയുന്നില്ല
കാരണം
നിങ്ങളെപ്പോഴും എഴുതുന്നത്‌
E-കാലത്തേചുമരുകള്‍ക്കിടയില്‍ നിന്നാണ് !

Saturday, August 9, 2014

ഊമ

മൌനെത്തെക്കാൾ നന്നായി
മനുഷ്യർക്ക് സത്യം പറയാൻ
അറിയില്ലെന്നറിഞ്ഞത് കൊണ്ടാവാം
ഊമ നമ്മളെ നോക്കി ചിരിക്കുന്നത്
അപ്പോഴും വാ തുറന്നാൽ
കള്ളം പറയുന്ന നമ്മൾ
പറഞ്ഞു കൊണ്ടേയിരിക്കും
എന്റെ വാചാലത കണ്ടു
ഊമ
അസൂയപ്പെടുകയാണെന്നു...!

Wednesday, August 6, 2014

മറുപുറം

പെണ്ണെ ,
പെറുന്നത് നീയന്നറിഞ്ഞിട്ടും
അവളെ /അവനെ
തന്തക്കു പിറക്കാത്തവരെന്നു
പറയും
അല്ലെങ്കിലും തന്തയിലല്ലല്ലോ
തള്ളയിൽ തന്നെയെല്ലേ പിറക്കുന്നത്‌ ...?

Tuesday, August 5, 2014

ശ്ശ്....! കട്ട് പവർ

പട്ടാപകൽ വിളക്ക് കത്തിച്ചു
ഏഥൻസ് തെരിവോരങ്ങളിലൂടെ
നടക്കുന്ന
ഡയോജനീസിനോട്
മലയാളി പറഞ്ഞു
ഇങ്ങോട്ട് വരൂ
വെളിച്ചംതരൂ
ഇവിടെ
മഴ പെയ്തിട്ടും പെയ്തിട്ടും
പവർകട്ടാണ്

Saturday, August 2, 2014

സഹയാത്രികന്റെ പേകിനാവ്

വെളിക്കിരിക്കാൻ പോയ
പെണ്‍ കുട്ടികളെ
ബലാത്സഗം ചെയ്തു
തൂക്കിലേറ്റിക്കോട്ടെ

ജാതി മാറി കെട്ടിയവനെ
പച്ചക്ക് വെട്ടി
അഭിമാനം
കാത്തോട്ടെ

കാമുകനുമായി ജീവിക്കാൻ
അനുവദിക്കു എന്ന്
പറഞ്ഞവളെ
വെടിവെച്ചു കൊന്നോട്ടെ

വയർ ഒട്ടിയ അമ്മമാർ
സ്വന്തം കുഞ്ഞിനെ വിറ്റു
ഒരു നേരം
ഭക്ഷിചോട്ടെ

എന്റെ അച്ഛനും
നിന്റെ അച്ചനും ഒന്നാണെന്ന്
സ്വന്തം കുഞ്ഞിനോട്
അമ്മ പറഞ്ഞോട്ടെ

നമുക്ക്
പച്ച ബോർഡ്‌ നെ കുറിച്ചും
കാവിവൽക്കരണത്തെ കുറിച്ചും
സംസാരിക്കാം
അല്ലെങ്കിൽ മെസ്സിയോ നൈമറോ
കേമെനെന്നു തർക്കിക്കാം...

Thursday, July 31, 2014

മരം

കാണുന്ന മരങ്ങളെല്ലാം
വില പറഞ്ഞു
മുറിച്ചുകടത്തി കാശുകാരനായ
ബാപ്പ മരിച്ചപ്പോൾ
ഖബറിന്റെ മീസാൻ കല്ലിനരികിൽ
ഒരു മരം നടാൻ
മകൻ ചുറ്റും നോക്കി.
ബാപ്പ കാണാത്ത
പച്ചയുടെ ഒരു തുരുത്ത്
ഇനി ഇവിടം ബാക്കിയുള്ളത്
ഈ പള്ളിക്കാടുകളാണ്
ദയവായി അതിൻമേൽ
കണ്ണുവെക്കല്ലേ മകനെ
ഇവിടെയെങ്കിലും
ഞങ്ങളൊന്നു തണൽ കിട്ടി
ഉറങ്ങിക്കോട്ടെ...! 

Tuesday, June 3, 2014

കൂട്ട് കെട്ട്

വെള്ളമടിച്ചു
ദേഹത്ത് വീണ
കൂട്ടുക്കാരനെ
ഉയർത്താൻ ശ്രമിച്ചപ്പോൾ
ആണ് എനിക്ക് ഒരു കാര്യം
മനസ്സിലായത്
നല്ല സുഹു്ത്തുക്കൾ എന്നും
ഒരു ഭാരമാണന്നു...!

പാവം ദൈവം

മതത്തിന്റെ പേര് പറഞ്ഞു
നിങ്ങൾ തല്ലി മരിച്ചോളു
പക്ഷെ ദൈവത്തെ കൊല്ലരുത്
പാവം ദൈവം
ബൈബിളിലും
ഖുർആനിലും
രാമായണത്തിലും
അലമാരയിൽ പൊടിപിടിച്ചു
ഉറങ്ങിക്കോട്ടെ....!

Friday, May 30, 2014

വൃത്തം മണ്ഡരി

ആരു പറഞ്ഞു
കവിതയിൽ വൃത്തം ഉണ്ടെന്നു
'വട്ടത്തിൽ ഇട്ടാൽ
അത് തന്നെ വൃത്തം '
അപ്പോൾ കവിതയിൽ
വൃത്തം ഇല്ലല്ലോ...?

മറയൂർ 0 km

ആർക്കാണ് ചേതം
ഉടൽമരം നഷ്ടപെട്ട വേരുകൾക്കോ.
കോടികൾ പോയാൽ
കൊടികൾ വരാറുണ്ട്
നീലെക്കെതിരെ ചുവപ്പ്
ചുവപ്പിനെതിരെ പച്ച
അങ്ങിനെ അങ്ങിനെ ....
ഇവിടെ ആരും ഇല്ലല്ലോ
എന്റെ മറയൂർ
ചന്ദനം നടന്നു പോയ വഴികളിൽ
അല്ലെങ്കിലും
ആർക്കാണ് ചേതം ഉടൽ മരം നഷ്ടപെട്ട
വേരുകൾക്കോ...?

Wednesday, April 16, 2014

തെരഞ്ഞടുപ്പ്

എന്റെ മാതാവേ
ഇവന്മാരുടെ ഇടയിലിട്ടു
എന്നെ ഇങ്ങനെ കഷ്ടപെടുതാണ്ട്
ഇവന്മാരെ കുറച്ചു
നേരത്തെ നിനക്ക്
വിളിച്ചു കൂടെ ...
വിളിക്കുമോ...
ങേ...ങേ....

# സഖാവ് ഇന്നസെന്റ് തെരഞ്ഞടുപ്പ് ശേഷം

Thursday, January 16, 2014

നബിദിനം

നമുക്ക് ദൈവവും റസൂലും മതി
അവർ വേലികൾ കെട്ടിയിട്ടില്ല
മതിലുകൾ കെട്ടി ഉയർത്തിയിട്ടുമില്ല
ജാഥകൾ നടത്തി വഴി തടഞ്ഞിട്ടുമില്ല....!