Saturday, August 30, 2014

കൂലി വേല

എന്റെ അച്ഛൻ മരിച്ചത്
നിങ്ങൾ അറിഞ്ഞിട്ടുണ്ടാവില്ല
ഞാൻ മരിച്ചാലും
അത്ര തന്നെ..!
കൂലി വേല ചെയ്തു
മക്കളെ പോറ്റിയവന്
ചരിത്രത്തിലും വാർത്തയിലും
ഇടമില്ലല്ലോ...?
അല്ലെങ്കിലും
അദ്ധ്വാനിച്ചു മക്കളെ
പോറ്റുക എന്ന് കണ്ടത്തിയവൻ
ആരായിരിക്കും
എന്തായാലും അയാളൊരു
മഹാൻ ആയിരിക്കില്ല
ആയിരുന്നെങ്കിൽ
ചരിത്രത്തിന്റെ മൂലയിൽ
അയാൾക്കൊരു ഇടം കിട്ടിയേനെ
കൂടെ എന്റെ അച്ഛനും...!

Saturday, August 23, 2014

ഗാസ

ചാവുന്നത്തിന്റെ
കലാരൂപങ്ങൾ
കഴിഞ്ഞെങ്കിൽ
നമുക്ക് അവരുടെ
ക്കല്ലറക്ക് മുകളിൽ
ഇങ്ങിനെ എഴുതിവെക്കാം
Rest in peace
അയ്യോ തെറ്റിപോയി
Rest in piece ...! 

വട്ടൻ

ആരാ പറഞ്ഞത്
നമുക്ക് വട്ടില്ലെന്നു
ചിലപ്പോൾ
ഭൂമി വട്ടത്തിൽ
തിരിയുന്നത് കൊണ്ടാവാം
എല്ലാ മനുഷ്യരിലും കുറച്ചു
വട്ടു ഉണ്ടാകുന്നത്...!

Sunday, August 17, 2014

കണക്ക്

അച്ഛൻ കുട്ടിയോട്
ഒരു പള്ളി പൊളിക്കാൻ
ഒരാൾക്ക് പത്തു മിനുട്ടെങ്കിൽ
പത്തണ്ണം പൊളിക്കാൻ എത്ര മിനിറ്റ്
കുട്ടി തിരിച്ചു
അച്ഛാ അത് ക്രിസ്ത്യൻ പള്ളിയോ
മുസ്ലിം പള്ളിയോ...?

ഹരണം

എന്റെ കണക്കു കൂട്ടലുകളല്ലാം
പിഴച്ചു മകനെ
എന്റെ ഗതി നിനക്ക് വരരുത്
അച്ഛാ
നിങ്ങളുടെ പിഴച്ച കണക്കിലെ
ശിഷ്ടമല്ലേ ഞാൻ...!

Saturday, August 16, 2014

E-കവികളോട്

പ്രകൃതിയെകൊന്നു തിന്നുന്ന
E-കാലത്തിലെ  കവികളെ
കാര്‍മേഘത്തിനുകണ്ണീര്‍ വറ്റിയതും,
കല്പക വൃക്ഷങ്ങളെ
വ്യവസായ വിപ്ലവകാരികൾ
അറുംകൊല ചെയ്തതും,
കടലും കരയും കലഹിച്ചതും ,
കാഴ്ച നഷ്ടപെട്ട കാറ്റ്
ഗതിമാറി അലഞ്ഞതും ,
വറ്റിപോയ പുഴകളെ ഓർത്തു
മലകൾ കരഞ്ഞു തളര്ന്നുറങ്ങുന്നതും,
E -ബന്ധങ്ങള്‍ മധുരംനുണഞ്ഞു
ഗര്‍ഭ പാത്രം പുഷ്പിച്ചതും
നിങ്ങളറിയുന്നില്ല
കാരണം
നിങ്ങളെപ്പോഴും എഴുതുന്നത്‌
E-കാലത്തേചുമരുകള്‍ക്കിടയില്‍ നിന്നാണ് !

Saturday, August 9, 2014

ഊമ

മൌനെത്തെക്കാൾ നന്നായി
മനുഷ്യർക്ക് സത്യം പറയാൻ
അറിയില്ലെന്നറിഞ്ഞത് കൊണ്ടാവാം
ഊമ നമ്മളെ നോക്കി ചിരിക്കുന്നത്
അപ്പോഴും വാ തുറന്നാൽ
കള്ളം പറയുന്ന നമ്മൾ
പറഞ്ഞു കൊണ്ടേയിരിക്കും
എന്റെ വാചാലത കണ്ടു
ഊമ
അസൂയപ്പെടുകയാണെന്നു...!

Wednesday, August 6, 2014

മറുപുറം

പെണ്ണെ ,
പെറുന്നത് നീയന്നറിഞ്ഞിട്ടും
അവളെ /അവനെ
തന്തക്കു പിറക്കാത്തവരെന്നു
പറയും
അല്ലെങ്കിലും തന്തയിലല്ലല്ലോ
തള്ളയിൽ തന്നെയെല്ലേ പിറക്കുന്നത്‌ ...?

Tuesday, August 5, 2014

ശ്ശ്....! കട്ട് പവർ

പട്ടാപകൽ വിളക്ക് കത്തിച്ചു
ഏഥൻസ് തെരിവോരങ്ങളിലൂടെ
നടക്കുന്ന
ഡയോജനീസിനോട്
മലയാളി പറഞ്ഞു
ഇങ്ങോട്ട് വരൂ
വെളിച്ചംതരൂ
ഇവിടെ
മഴ പെയ്തിട്ടും പെയ്തിട്ടും
പവർകട്ടാണ്

Saturday, August 2, 2014

സഹയാത്രികന്റെ പേകിനാവ്

വെളിക്കിരിക്കാൻ പോയ
പെണ്‍ കുട്ടികളെ
ബലാത്സഗം ചെയ്തു
തൂക്കിലേറ്റിക്കോട്ടെ

ജാതി മാറി കെട്ടിയവനെ
പച്ചക്ക് വെട്ടി
അഭിമാനം
കാത്തോട്ടെ

കാമുകനുമായി ജീവിക്കാൻ
അനുവദിക്കു എന്ന്
പറഞ്ഞവളെ
വെടിവെച്ചു കൊന്നോട്ടെ

വയർ ഒട്ടിയ അമ്മമാർ
സ്വന്തം കുഞ്ഞിനെ വിറ്റു
ഒരു നേരം
ഭക്ഷിചോട്ടെ

എന്റെ അച്ഛനും
നിന്റെ അച്ചനും ഒന്നാണെന്ന്
സ്വന്തം കുഞ്ഞിനോട്
അമ്മ പറഞ്ഞോട്ടെ

നമുക്ക്
പച്ച ബോർഡ്‌ നെ കുറിച്ചും
കാവിവൽക്കരണത്തെ കുറിച്ചും
സംസാരിക്കാം
അല്ലെങ്കിൽ മെസ്സിയോ നൈമറോ
കേമെനെന്നു തർക്കിക്കാം...