Thursday, November 24, 2011

കള്ളമോതുന്നവര്‍ക്ക്

ദൈവം
കള്ളമോതുന്നവര്‍ക്ക്
കഠിന ശിക്ഷ
കാത്തുവെച്ചിട്ടുണ്ട്‌
പോല്‍ !
നിത്യം സുഖമാണെന്നു
കാണുന്നവരോ
ടൊക്കെയും കള്ളമോതി  കാലം  തീര്‍ത്തതിനു
ദൈവം  കാത്തുവെച്ച
ശിക്ഷയുടെ  കടലാഴം
എത്രയാണാവോ ...?

Wednesday, October 26, 2011

വണ്ടിനെപ്പറ്റി പൂക്കള്‍ക്കെന്നും

വണ്ടിനെപ്പറ്റി പൂക്കള്‍ക്കെന്നും
പരാതിയേയുള്ളൂ
പെണ്ണിന്
ആണിനെപ്പറ്റിയെ
ന്ന പോലെ
എത്ര മധുരം കൊടുത്തിട്ടെ
ന്താ
എത്ര ക്ഷണികനേരം കൊണ്ടാണ്
പൂവിലിരുന്ന് മധു നുകര്‍ന്ന്
അത് പറന്നകലുന്നത്

Sunday, October 23, 2011

നീയും നക്ഷത്രവും

നീയും നക്ഷത്രവും
ഒരുപോലെയാണ്
പകല്‍ ഞാന്‍ ഉണരുമ്പോള്‍
പറഞ്ഞു തീര്‍ന്നിട്ടിലാത്ത
കഥ പറയാന്‍  പിന്നെയും
കാത്തു നില്‍ക്കണം
അന്ധിയോളം...

നിന്നെ തേടിയുള്ള യാത്ര

ഒരിക്കലും
നിന്റെ അരികില്‍ എത്തരുതന്നാണ്
എന്റെ പ്രാര്‍ത്ഥന
നീ ഉള്ളയിടം
നിന്നെ തേടിയുള്ള യാത്രയെക്കള്‍
മാധുര്യമുണ്ടോ..?

Monday, July 18, 2011

നഷ്ടങ്ങളുടെ കണക്ക്

വെളിച്ചമേ
നിനക്ക് കൃത്യതയുണ്ട്
നീ പുറപ്പെടുകയും വെന്നത്തുകയും
ചെയ്യുന്നതിന്
എനിക്ക് ഒന്നേ പറയാനുള്ളൂ
നീ ഇരുട്ടുമായി കൂട്ടുകൂടരുത്
എവിടയും കയറിവരാന്‍ ഉള്ള
അവന്‍റെ സ്വാതന്ത്രം
നീ കണ്ട സുന്ദരലോകത്തെ
അഴുക്കുപിടിച്ച തുണികളാക്കും
പിന്നെ നീയും പറയും
നഷ്ടങ്ങളുടെ കണക്ക് .......

മുടി

മുടിയിഴ തുമ്പുകളെ
പ്രശംസിച്ചു പാടി പാടി
പിറകെ വരരുതേ
ഒരിഴ പൊട്ടി ചോറില്‍ വന്നതിനു
ആക്രോശത്തിന്റെ വാള്‍മുന
കുത്തിയതിന്റെ പാട്
പെണ്ണിന്റെ നെഞ്ചിലെപ്പോഴു
മുണ്ട് -
ഉണങ്ങാതെ ...

Sunday, July 17, 2011

ഭ്രാന്ത്

ഇലകളെ മുഴുവന്‍
പൊടുന്നനെ
മണ്ണിലേക്ക് തള്ളിവിട്ടു
നഗ്നനായി
നാണമില്ലാതെ നില്‍ക്കുന്ന
മരത്തെ കാണുമ്പോഴും

സമയതാളം തെറ്റി
നട്ടുച്ചക്കും
നട്ടപ്പാതിരാ നേരത്തും
പൂവന്‍ കോഴി കൂവുമ്പോഴും

ഒന്നുറങ്ങി തുലഞ്ഞുകൂടെയെന്നു
ചോദിപ്പിക്കും വിധം
നിര്‍ത്താതെ ഓരിയിടുന്ന
ശുനകനെ കേള്‍ക്കുമ്പോഴു
 
ഒരു കല്ലെടുത്ത്‌
എറിയാന്‍ തോന്നും പടി
ഒരു താളവുമില്ലാതെ
പക്ഷി നിര്‍ത്താതെ ചിലക്കുമ്പോഴും

ഞാനൊരു കറുപ്പനാണെന്നു
കാണിച്ചുകൊടുത്ത കണ്ണാടിയെ
കൊത്തി കൊത്തിസ്വയം ഹത്യക്ക് ശ്രമിക്കുന്ന
കാക്കയെ സഹിക്കുമ്പോഴും

ഇല്ലെന്നു തോന്നും
ഇവിടെ
ഭ്രാന്തു വരാത്തവരായി
ആരും!

Tuesday, June 28, 2011

എവിടെ ?...

പകല്‍ മുഴുവന്‍
വെയില്‍ തിന്നു മരിച്ച
കരിയിലകള്‍
ഒന്ന് ചായാന്‍
എവിടെയാണ്
കൂടൊരുക്കിയത് ..?

സങ്കടം തിന്നു തീര്‍ത്ത
കാര്‍മേഘങ്ങള്‍
കണ്ണീര്‍ വാര്‍ക്കുന്നതിനിടയിൽ
വെളളിമേഘങ്ങൾ
എവിടെയാണ്
ഒളിഞ്ഞിരുന്നത് ..?

ഒരു സുനാമിയായ്
ഇരമ്പുന്നതിനു മുന്‍പേ
ഉളളിലൊതിക്കിവെച്ച
ദേഷ്യത്തിന്‍റെ ആഴം
കടല്‍ എവിടെയാണ്
ഒളിപ്പിച്ചിരുന്നത്..?

ഉടല്‍മരം നഷ്ടപെട്ട
വേരുകളായപ്പോള്‍
ഇലകളാല്‍ തുന്നിക്കെട്ടി
കുടൊരുക്കിയ ചോണനുറുമ്പുകള്‍
എവിടെയാണ്
ഉച്ചകോടി കൂടിയത് ..?

അരുതെന്ന് ചെല്ലുംമുന്പേ
മണ്ണുമാന്തികള്‍ ബലാത്സംഗത്തിനിരയാക്കിയ
മലകള്‍ കയറ്റുമതിചെയ്തപ്പോള്‍
കിടപ്പാടംനഷ്ട്പെട്ട കുഞ്ഞുകുരിവികള്‍
എവിടെയാണ്
ആത്മഹത്യചെയ്തത്‌..?


കാത്തിരിപ്പിന്റെ മാധുര്യം
വിഷാദ രോഗിയായ്
കൂറുമാറിയപ്പോള്‍
മിഴികളിലെ കണ്ണീര്‍തടാകം
എവിടെയാണ്
വറ്റിവരണ്ടത്..?

മഴ

ഓര്‍മ്മകളും
ദു;ഖവും
സന്തോഷവും
തേച്ചു മിനുക്കി
മഴ എവിടെക്കൊ
ഒഴുകി അകലും ...
തന്ന സന്തോഷം തിരിച്ചു ചോദിക്കാതെയും
തന്ന നഷ്ടങ്ങളെ തിരുച്ചു തരാതെയും ....

Monday, June 6, 2011



രേഖപ്പെടുത്തപ്പെട്ട കരച്ചിലാണ് കവിത

എക്സ്ട്രാ


നിരാശ
കടലോളം
അറ്റമില്ലാതങ്ങിനെ..

സങ്കടം
വാനോളം
എവിടേയോ അറ്റമുണ്ടന്നപോലെ..

പ്രതീക്ഷകള്‍

കൊടുംവേനലില്‍
കുളത്തിലെ ഒടുവിലെ നീര്‍ശ്വാസംപോലെ..

ചിന്തകള്‍
നഷ്ടഗോപുരങ്ങള്‍
പണിതുകൊണ്ടെയിരിക്കുന്നു..

മനസ്സ്
മിഴികളിലൂറിയ നീര്‍ക്കണതതിനു
വിള്ളല്‍ വന്നതെങ്ങേനെയെന്ന്
ചര്‍ച്ച ചെയ്യുന്നു.

സന്തോഷം
പിടി തരാതെ
ഒളിച്ചു യാത്ര തുടര്‍ന്ന്
എന്നെ ഒറ്റപെടുതുന്നത്‌
കൊണ്ടാവാം
ഇപ്പോയും ഞാന്‍
ജീവിതത്തില്‍
എക്സ്ട്രാ ബെഞ്ച്‌ലിരിക്കുന്നത്

Sunday, June 5, 2011

തോറ്റവരുടെ ഭൂപടത്തില്‍ നിന്ന്..

വാക്ക്,
ശ്വാസം മുട്ടി
യാത്രയായി.
സൌഹ്ര്ദം,
അങ്ങേതെതാടിയില്‍
തൂങ്ങി മരിച്ചു.
സ്നേഹം,
സ്വര്‍ഗത്തിലേക്ക്
യാത്രയായി.
കാലം,
കുരുരുട്ടില്‍
തപ്പിത്തടഞ്ഞു .
പ്രണയം,
ശിശുസംരക്ഷണ കേന്ദ്രത്തില്‍
അലറി.
സ്വപ്നം,
മണിമാളികയില്‍
ശിതീകരണത്തിലായി.
രോഗം,
തിമര്‍ത്തുപെയ്യുന്ന
മഴയായി.
കാറ്റു,
സ്വരം നഷ്ടപെട്ട
ഗായകനായി.
മഴ,
വെയിലിനോടു
കൈപണം വാങ്ങി.
ഒന്ന് പറയട്ടെ സുഹൃര്ത്തെ ,
നീ ശ്വസിച്ചുവിട്ട
അതെ പ്രാണവായുവില്‍
വിഷം കലര്‍ത്തി പരസ്പരം
കൊല്ലുന്നതിനെ മുന്പേ ,
പുതിയ കാലവും
ഇരുട്ട് പരന്ന സംസ്കാരവും
എന്‍റെ സ്വപ്നങള്‍ക്ക് മേല്‍
തീ കൊളുതതുന്നതിനു മുന്പേ
ഞാനും ഓട്ടമല്‍സരത്തിനു
തയ്യാറടുക്കുന്നു
തോറ്റവരുടെ ഭൂപടത്തില്‍
നിന്ന്....

Friday, June 3, 2011

ഓര്‍ക്കാപ്പുറത്ത്
സന്തോഷം വന്നു നാണിപ്പിക്കും.
ദുഃഖം മാത്രമല്ല ഈ ലോകം
എന്ന് പറയും മുന്പേ
വിലാപയാത്രക്ക് കൊടിപിടിക്കാന്‍പോയ
എന്റെ മനസ്സിനെ ...

Sunday, May 15, 2011

വേഗത

രാവിന് തണുപ്പേറുന്നു,
പകലിനു ചൂടേറുന്നു, കുറയുന്നു
രാത്രിക്ക് മഞ്ഞു കൂട്ടുവരുന്നു.
ജീവിതം മണ്ടി തീര്‍ക്കുന്നതിനടയില്‍
മാസങ്ങള്‍ക്ക് ഈ മാറ്റം കൂടി
ഇല്ലായിരുന്നങ്കില്‍ നാം -
എങ്ങിനെയാ അറിയുക
മരണത്തിലേക്ക് മാര്‍ച്ചു ചെയ്യുന്ന
ഈ ജീവിതത്തിന്റെ വേഗത ...?

Sunday, May 1, 2011

നീ വെട്ടിമാറ്റിയത്

നീ വെട്ടിമാറ്റിയത്
ഉടല്‍ മരമാണ്
നിനക്ക് അറിയില്ലായിരു
ന്നു
ഞാന്‍ ഭൂമിയെയുംകെട്ടിപ്പിടിച്ചു
ഒരു വേരായി നില്‍ക്കുന്നുണ്ടന്നു

Sunday, March 6, 2011

സ്വപ്നം

ഇന്നലെ ,
പ്രതീക്ഷയയായിരുന്നു
ഓരോ
സ്വപ്നവും
കൊഴിഞ്ഞു പോകുന്നതില്‍
വിലപിക്കാത്ത പൂത്തമരം പോലെ .
ഏഴാകാശവും കടന്നു
സ്വപ്നലോകത്ത് എത്തുമ്പോള്‍
എത്ര തവണ ഞാന്‍
അടിമുടി പൂത്തു പോയിരുന്നു ...
ഇന്ന്,
നിറം മങ്ങിയ
രണ്ടു ചാക്ക് സ്വപ്നങ്ങള്‍
കത്തിച്ചു കളഞ്ഞു,
ബാക്കിയുള്ളവ
കടകണക്കുകള്‍ കൂട്ടി എഴുതുമ്പോള്‍
കണ്ണുറിക്കി കാണിച്ചു
ചിരിക്കാനന്നവണ്ണം നിന്നോട്ടെ...
നാളെ,
കൈപണം കൊടുത്താല്‍
വരികയെങ്കില്‍
കുറച്ചു സ്വപ്നം
മാളിക വീട്ടിലേക് പോകും വഴി
ഒന്ന് വിളിക്കാമായിരുന്നു .
കണ്ണുനീര്‍ തളം കെട്ടിയ എന്‍റെ
കറുത്ത ഹൃദയത്തിലെ
താപനില തോത് കുറയാനന്നവണ്ണം
ഒരു രാത്രിയെങ്കിലും
ഒരു മരമായി വളര്ന്നലോ....

Friday, February 25, 2011

മഴ

മഴ
എനിക്ക്
സഫലമാവാത്ത പ്രണയത്തിന്റെ
രക്തസാക്ഷി സ്മരണയാണ്‌
കുടയില്ലാതെ കുളിച്ചു നിന്ന
എന്നെ നീ കുടയില്‍ ചേര്‍ത്ത് പ്രണയിച്ചതും,
വസന്തം തിരിച്ചുകിട്ടാതെ
വാടിപ്പോകും വിധം
മനസ്സിനെ ശൂന്യതയില്‍ നിര്‍ത്തി
കൊലചെയ്ത് ഓടിയൊളിച്ചതും
ഈ ഒരു മഴയില്‍ തന്നെയാണല്ലോ ...

Monday, February 21, 2011

നീ പോയതില്‍ പിന്നെ ...


മഴ
മനസ്സില്‍
പ്രണയ ഓര്‍മ്മകളുടെ
വേലിയേററമാണ് ...

ആദ്യ പ്രണയ ലേഖനം തൊട്ടു
നനഞ്ഞു തുടങ്ങും
പിന്നെ മഴ
വല്ലാത്തൊരു കനമായി .

കടല്‍തിരകളെ പോലെ
ഒട്ടും ഉറങ്ങാതെ
പൊലിഞ്ഞ സ്വപ്നങ്ങള്‍
വീശികൊണ്ടിരിക്കും
ആദ്യമനുഭൂതി പകര്‍ന്ന്
പിന്നെ ,ഉറച്ചു പോയ നിരാശയുടെ -
നഷ്ട വിലാപങ്ങളുമായി...

മഴയുടെ ഇടവേളകളില്‍
കൂട് ഒരുക്കി കത്ത് നില്‍ക്കും മുന്പേ
'കാരണങ്ങളുണ്ട് ' എന്ന് പറഞ്ഞു
ഓടി ഒളിച്ച നിന്റെ കാരണങ്ങളും തേടി
മനസ്സ് അലയും ..

ഒടുവില്‍ ഓര്‍മകളിലെ വേലിയിറക്കത്തില്‍
ഉള്ളിലെരിഞമര്‍ന്ന തേങ്ങല്‍
പേനയില്ലാതെ കവിതയെഴുതികൊണ്ടിരിക്കും
ഉറഞ്ഞു ശിലയയിമാറിയ
നമ്മുടെ പ്രണയത്തെപറ്റി.

Friday, January 14, 2011

ദൈവത്തോട് ...

എനിക്കെന്തൊരു  കൊതിയാണന്നോ
സോഷൃലിസം വരാന്‍.
ഒട്ടും പരാതിയില്ല
സോഷൃലിസം നടപ്പാക്കാത്ത
ദൈവത്തോട് .
ഇനി
വിശന്നു കരഞ്ഞവരോടും
വെറുതെ പാത്രത്തില്‍
പച്ചവെള്ളം വേവിച്ചു
അന്ധിയുറങ്ങിയവരോടും
സ്വര്‍ഗത്തിന്‍റെ പടിവാതിലില്‍
എത്തുമ്പോള്‍
വിശപ്പില്ലാത്ത ആ ലോകം
സുന്ദരമായി കാണാനെങ്കിലും
കാത്തുനില്‍ക്കാന്‍ പറയല്ലേ....

Friday, January 7, 2011

മായം

ഇന്നലെ
പരസ്പരം
നിഴല്‍
പകര്‍ന്നു
തണലൊരുക്കിയ
കണ്ണാടികള്‍
ഇന്ന്
ഇടവഴിയില്‍
തുള വീണു
ചിതറിക്കിടക്കുന്നു
സൌഹൃദത്തിന്റെ
കണ്ണാടിക്കൂട്ടിനകത്തു
പ്രണയത്തിന്‍റെ
മായം കലര്‍ന്നതാണത്രെ!

Monday, January 3, 2011

മരണം


ഓരോ മരണവും
ചിലപ്പോള്‍ 
സ്വയം വിശ്രമിക്കാന്‍
പോകുന്നതായിരിക്കും,
അല്ലങ്കില്‍ 

മറ്റാര്‍ക്കോ-
വിശ്രമം കിട്ടാന്‍ വേണ്ടി 
പോകുന്നതായിരിക്കും.

Saturday, January 1, 2011

മഴ

എന്‍റെ കണ്‍കോണിന് മുമ്പില്‍
പെയ്യുന്നത് ചാറ്റല്‍ മഴയാണ്
മനസ്സില്‍ പെയ്യുന്നത്
ഓര്‍മ്മതന്‍ ചാറ്റല്‍ മഴ
എനിക്ക് നീ
സ്വന്തമായതും അന്ന്യയമായതും
ഒരു ചാറ്റല്‍ മഴയില്‍ ആണ് ...