Wednesday, December 23, 2015

സ്നേഹം


സ്നേഹം എന്ന വാക്ക്
കേള്ക്കുകയോ കാണുകയോ
ചൊല്ലുകയോ ചെയ്താൽ
വട്ടമിട്ടു വെക്കണം
എവിടേക്കും കുതറി ചാടി പോകാതെ
ഒരുപാട് കിട്ടില്ലന്നറിയാം
എന്നാലും
പണ്ട് നമ്മൾ ഒരുമയോടെ
'ഒരു' കളിച്ചത് പോലെ
ഓർമ്മയില്ലേ....?

Saturday, December 19, 2015

ഞാനും നീയും 


നാംമെല്ലാം ഒന്നെന്ന്
പറഞ്ഞത് ആരാണ് ?
ഒന്നു മൊന്നും രണ്ടന്നും
രണ്ടു മൊന്നും മൂന്നന്നും
പഠിച്ച നമ്മളോട്
ഞാനും നീയും
രണ്ടല്ലെന്നു പറഞ്ഞിണ്ടന്തു കാര്യം ?



Friday, December 11, 2015

നൗഷാദ്നു മുന്പിൽ നാം ചെറുതാകുമ്പോൾ !


ഒരു മുസ്ലിം ഉമ്മയുടെ
ഗർഭപാത്രത്തിൽ
പുഷ്പിച്ചതിനാൽ
ഞാനൊരു മുസൽമാൻ..!
നീയോ ..?
വെളളവും, വായുവും,
വെളിച്ചവും ...ദൈവത്തിന്റെ -
ഓസാരങ്ങളങ്ങിനെ വാങ്ങി വിഴുങ്ങുന്നവരെ
ദൈവം സൃഷ്ടിചപ്പോൾ
അതിർത്തികളില്ലാതെ
ഭൂമി ഒന്നായിരുന്നു !


# മതത്തിനു മുന്പിൽ തോറ്റുപോയ നൗഷാദ്
തുണി പൊക്കിനോക്കി പറയുന്ന പുതിയ സംസ്ക്കാരത്തിന്റെ മുന്പിൽ പ്രിയ സഹോദരാ മാപ്പ് !

Wednesday, November 4, 2015

അഞ്ചുവർഷ പക്ഷികൾ.


ഓരോ കാലത്ത്‌
അവരവരുടെ ഭാഗം
അഭിനയിച്ചു പറന്നു പോകുന്ന
പക്ഷികൾക്കു
ഇനിയും ഞാനത് വലിച്ചറിയണം
കണ്ണടച്ചു
വായടച്ചു
ചെവിയടച്ചു നിൽക്കാൻ
പറ്റുന്നില്ലല്ലോ കലപില കൂടുന്ന
ഈ പക്ഷികൾക്കു മുൻമ്പിൽ
അവർക്കറിയാം
എന്റെ ഉളളംകയ്യിലൊരു
ഒളിപ്പിച്ചു വെച്ചൊരു വോട്ടുണ്ടെന്ന്..! 

ഫാസിസമേ...


ഈ മഴ വഴിയിൽ
ഉണങ്ങി പോയിരിക്കുന്നു എല്ലാം.
കാറ്റിനോടും മഴയോടും
വെയിലിനോടും മഞ്ഞിനോടുംഗസൽ പാടി
തണലായി നിൽക്കേണ്ട മരങ്ങളെ
ദൈവമറിയാതെ
മരണത്തിന്റെ തോണിയിലേക്ക്‌
ആരാണ് കുത്തിനിറച്ചത് ?

മാംസം തിളച്ചു വേവുന്നതിനിടയിൽ
ചില്ലുപോലെ കനത്തു -
തണുത്തൊരു മഴത്തുളളിയെ
ആരാണ് തല്ലിയുടച്ചത് ?

ക്ഷേത്ര നടയിൽ ദൈവത്തോടു
സങ്കടം പറയാൻ പോയ
പച്ചയായ ഇലയെ
മൂത്തു പഴുത്തു വീഴും മുന്പേ
ഏതു കാറ്റിലാണ് ആടിയുലഞ്ഞു വീണത്‌ ?

ഈ മഴ വഴിയിൽ
മാറി പോയിരിക്കുന്നു എല്ലാം
പിന്നെ
ഞാനും നീയും !


# ഫാസിസത്തിന് മുന്പിൽ ഉണ്ണാനും, പാടാനും, പറയാനും,എഴുതാനും ,പ്രണയിക്കാനും പറ്റാതെ തല കുത്തി നിൽക്കുന്നു ഞങ്ങൾ.
ഗൊവിന്ദു പൻസാരെ,നരേന്ദ്ര ദഭൊൽക്കരെ,
മുഹമ്മദ്‌ അഖ് ലാഖ് , 90 വയസ്സിൽ അമ്പലത്തിൽ ദൈവത്തോട് സങ്കടം പറയാൻ പോയ ചിമ്മാ, മാപ്പ് .


Thursday, October 29, 2015

സ്വകാര്യം


ഇതൊന്നു പറയാൻ
ഞാനെത്ര നേരമായി
നിൽക്കുന്നതന്നു അറിയാമോ
നിങ്ങളൊന്നു നിശബ്ദരാകുമെങ്കിൽ
ഞാനൊരു സ്വകാര്യം പറയാം
വാതോരാതെ പുലമ്പുന്ന
ഫാസിസമോ ഗോമാതാവോ
കമ്മ്യുണിസമോ തീവ്രവാദിയോ
മതമോ ജാതിയോ
കറുത്തവനോ വെളുത്തവനന്നുമല്ല പ്രശ്നം
ആദി പാപത്തിൽ
കൈമോശം വന്ന
ഏദൻ തോട്ടത്തിലെ
ആപ്പിൾ തന്നെയാണ് !

Sunday, October 25, 2015

കൊതി.


ചൊവ്വയിൽ വെളളമുണ്ടന്നു പറയുമ്പോൾ
നാം എന്താണ് ചിന്തിക്കേണ്ടത്
അവിടെ മഴയുണ്ടന്നോ
കടലുണ്ടന്നോ
പുഴയുണ്ടന്നോ
ഒഴുക്കുന്ന അരുവികളുണ്ടന്നോ
മരങ്ങളുണ്ടന്നോ
വയലുകളുണ്ടന്നോ
ചെടികളും പൂക്കളുമുണ്ടന്നോ
ജനിച്ചും ജീവിച്ചും കടന്നുപോകുന്നവരുണ്ടന്നോ...
അല്ലെങ്കിൽ നിങ്ങൾ തന്നെ പറയു
വെളളത്തിനു ഇവയോടല്ലാതെ
മറ്റന്തിനോടാണ് കൊതി  ?

Monday, October 12, 2015

തിരുത്തപെടേണ്ട കവിത 


മരിച്ച ആ പാവത്തെ
നിങ്ങളൊന്നു വെറുതെവിടു
മരിച്ചവരാരും തിരിച്ചുവന്നിതുവരെ
ഒന്നും തിരുത്തിയിട്ടില്ല
'ഒരു ജാതി ഒരു മതം
ഒരു ദൈവം മനുഷ്യന് '-
എന്നത് അദ്ധേഹം കളളം പറഞ്ഞതാണ് !



Thursday, October 8, 2015

വിലപിക്കുന്നവരോട്...


ആകാശം പൊട്ടി പൊളിഞ്ഞു വീഴില്ലെങ്കിൽ
ഒറ്റ ക്ലിക്കിൽ വരുന്ന
ഗൂഗിൾ ഉണ്ടാകുമ്പോൾ
ശ്വാസംമുട്ടി മരിക്കാറായ പുഴകളെ പറ്റി
രക്തസാക്ഷികളായ മരങ്ങളെ പറ്റി
പീഡനത്തിനിരയായ മലകളെ പറ്റി
വേദനയുടെ ആത്മകഥഴുതുന്ന പക്ഷികളെ പറ്റി
ചായാൻ ഒരിടംതേടി അലയുന്ന മൃഗങ്ങളെ പറ്റി
വാക്ക് തെറ്റിച്ചുവരുന്ന മഴയെ പറ്റി
ഏകാന്തതയിൽ കവിതഴുതുന്ന വയലുകളെ പറ്റി
തളർന്നു കിടപ്പിലായ കാടിനെ പറ്റി
ഓടിമടുത്തു ദീർഘശ്വാസംവലിക്കുന്ന കാറ്റിനെ പറ്റി
മരിക്കാതെ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പറ്റി
എന്തിനാ ചങ്ങാതി നീ വിലപിക്കുന്നത്..?!..


Sunday, October 4, 2015

2015 ജൂലൈ 30 


കലാപത്തിൽ മരണമടഞ്ഞവരുടെ
സമ്മേളനത്തിൽ സമ്പന്ധിച്ചു മടങ്ങവേ
സ്വർഗ്ഗ കവാടത്തിനരികിൽ
ഒരു തേങ്ങൽ
ഒരു മുംബൈക്കാരനെ തിരിച്ചറിഞ്ഞവർ
കൂട്ടം കൂടി
അയാൾ വിതുമ്പി...
ഞാൻ നിരപരാധിയാണ്
"ഞങ്ങളും"
സ്വർഗംനിരപരാധികൾക്കുളളതാണ്
ഇവിടെ കാലത്തിനോടോ വിധിയോടോ
മാപ്പിരക്കേണ്ട കാര്യമില്ല
വരിക ഞങ്ങളുടെ കൂടെ !




Saturday, October 3, 2015

കാഴ്ച

കണ്ണുണ്ടായിട്ടും അവരെ
കണ്ണില്ലാത്തവരന്നു വിളിക്കുന്നവരല്ലേ
കണ്ണു പൊട്ടൻ
നിങ്ങളൊന്നു നോക്കു
അവരുടെ മുഖത്തേക്ക്
അവർക്കുമുണ്ടല്ലോ രണ്ടു കണ്ണുകൾ.
ഇല്ലാത്തതു കാഴ്ച മാത്രം
എന്നിട്ടുമെന്തിനാ
ഭ്രാന്തൻ നാവുകൾ കൊണ്ട്
നിങ്ങൾ പറയുന്നത്
കണ്ണില്ലാത്തവനെന്ന്!!!


Saturday, September 26, 2015

പെരുന്നാൾ തലേന്ന് 

   കഴിഞ്ഞ പെരുന്നാൾ തലേ ദിവസംരാത്രി
' ഏവർക്കുംപെരുന്നാൾ ആശംസകൾ ' എന്നത് ടൈപ്പ് ചെയ്തു പ്രിന്റ്‌ എടുക്കാൻ ഞാൻ DTP സെന്റെറിൽ കാത്തു നില്ക്കുക്കയായിരുന്നു .DTP ക്കരാൻ അതിനേക്കാൾ വലിയ പണിയിൽ ആയതു കൊണ്ട് കാത്തു നില്ക്കുകയല്ലാതെ വേറെ വഴിയില്ല .എന്നേക്കാൾ മുന്പേ വന്ന രാഷ്ടീയക്കാർ , സംഘടനക്കാർ, ക്ലബുകാർ, മമ്മുട്ടി ഫാൻസ്‌, അങ്ങിനെ അങ്ങിനെ സകലരും ക്യുവിൽ ആണ് .
എല്ലാവരുടെയും മനസ്സിൽ DTP ക്കാരന്റെ അടുത്ത് ഇരിന്നു ഡിസൈൻ ചെയ്യിപ്പിക്കുന്ന ആ മുടിഞ്ഞ ചെങ്ങായി ഒന്ന് എണീറ്റ്‌ പോ യെങ്കിൽ എന്നാണു .

പെട്ടെന്ന് ഒരാൾ ഞങ്ങളെ എല്ലാം വെട്ടി മാറ്റി വലിയ കിതപ്പോടെ തന്റെ കയ്യിലെ കവറുകളല്ലാംനിലത്തു വെച്ച് കുത്തി കയറി പറഞ്ഞു
'ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ
മഹല്ല് കമ്മറ്റി ' . ഒരു പ്രിന്റ്‌ വേണംവേറെ ഒന്നും വേണ്ടാ അത് മതി .

അല്ല പിന്നേ ഞങ്ങൾ ഇവിടെ ഉണ്ട പൊരിയും ചായയും കുടിക്കാൻ വന്നതാണല്ലോ ഞാൻ മനസ്സിൽ പിറു പിറുത്തു .

കുറച്ചു കാത്തു നിൽക്കു.. ഇവരല്ലാവരും അതിനു വന്നവരാണ് ഈ വർക്ക്‌ കഴിഞ്ഞാൽ ഉടനെ തരാം DTP ക്കാരാൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു.
എല്ലാവരെയും അയാൾ ഒന്ന് ചുറ്റും നോക്കി വീണ്ടും ചോദിച്ചു
പിന്നെ ഇവിടെ അടുത്ത് വേറെ DTP സെന്റെർ ഉണ്ടോ ?
കുറച്ചു അപ്പുറം ഉണ്ട്
ഞാൻ വരുമ്പോൾ അവിടെയും തിരക്കാണ്
എന്നാൽ പിന്നെ ബസ്സ്‌ സ്റ്റാന്റിൽ പോകേണ്ടി വരും .
അവിടെ പോയാൽ ഇപ്പൊ തന്നെ കിട്ടുമോ ?
അതിനു മറുപടി ഡീ റ്റി പ്പിക്കാരന്റെ ഒറ്റ നോട്ടം ആയിരുന്നു .
കാറിന്റെ താക്കോൽ കിശയിൽ ഉണ്ടോ
എന്ന് ഉറപ്പു വരുത്തി അയാൾ അതെ കിതപ്പോടെ നിലത്തു വെച്ച കവറുകളല്ലാം എടുത്തു വന്ന വേഗതയിൽ തിരിച്ചു പോകുമ്പോൾ പറഞ്ഞു
'' എല്ലാവർക്കും സമയം ആകുമ്പോൾ
പളളിയിൽ വന്നു നിസ്കരിച്ചു പോയാൽ മതി
മനുഷ്യൻ ഇവിടെ ....''
എന്റെ പടച്ചോനെ എന്ന് അറിയാതെ മനസ്സിൽ വിളിച്ചു ടൈപ്പ് ചെയ്യേണ്ട 'ഏവർക്കും പെരുന്നാൾ ആശംസകൾ' എന്നത് ഞാൻ
ഏവർക്കും ത്യാഗത്തിന്റെയും
ക്ഷമയുടെയും സ്നേഹത്തിന്റെയും
ബലി പെരുന്നാൾ ആശംസകൾ പ്രിൻസ്‌ ക്ലബ്‌ കൊട്ടപ്പുറം എന്നാക്കി ഞാൻ മാറ്റി എഴുതി.!!!

സമയം ആകുമ്പോൾ പളളിയിൽ വന്നു നിസ്കരിക്കുന്നവർക്കും അല്ലാത്തവർക്കും
പുറമേ എന്റെ എല്ലാ കൂട്ടുകാർക്കും
 ഹൃദയംനിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

Monday, September 21, 2015

സൈലൻസ് പ്ലീസ് !


കവലയിൽ വന്നു
മതത്തിന്റെയോ
സമൂഹത്തിന്റെയോ
മൂട് നക്കി നുണയാതെ
താന്തോന്നിതരങ്ങൾക്ക് നേരെ
കാര്യം കാര്യമായി പറയുന്നവനെ
ആദ്യം പറയും
'ഓന് വേറെ ലെവൽ ആണന്നു'
പിന്നെ പിന്നെ
വട്ടം കൂടി
കൂട്ടം കൂടി പറയും
'ഓന് ഒരു ലെവലുമില്ലെന്നു' .!

Friday, September 18, 2015

സ്വാഷ്യലിസം

ആരാ പറഞ്ഞത്
ഭൂമിയിൽ ദൈവം
സ്വാഷ്യലിസം നടപ്പാക്കിയില്ലെന്ന്.
നിങ്ങൾ തന്നെ നോക്കൂ
മണ്ണിനടിയിൽ
മതമോ  ജാതിയോ
നിറമോ  ലിംഗഭേദങ്ങളോ
തരംതിരിവില്ലാതെ
ഒരു വിപ്ലവംപോലും നടത്താതെ
കെട്ടിപ്പിടിച്ചു  കൈകോർത്തു
നിൽക്കുന്ന വേരുകളെ ..!

Wednesday, September 16, 2015

ചീത്ത വിളിക്കുന്നവരോട് 

നീയൊരു ശൈതാനാണന്നോ
പിശാചാണന്നോ പറഞ്ഞു
ആരെയും പഴിക്കരുത്
അവരെ പോലെ നന്മ അറിയുന്നവർ
ഭൂമിയിൽ ഉണ്ടാവില്ല
അല്ലെങ്കിൽ പിന്നെ
തിന്മ ചെയ്യുന്നവർക്കിടയിൽ
നന്മ ചെയ്യുന്നവരെ മാത്രം
അവരെങ്ങനെ തിരിച്ചറിയുന്നു...?

ഭഗവാൻ അറിയാൻ 

പേന നിലത്തുവെച്ച് കീഴടങ്ങിയ
പെരുമാൾ മുരുകനോട്
ചോദിക്കണമെന്നില്ല
ഭൂമി വിശ്വാസികളുടേതോ
അന്ധ വിശ്വസികളുടേതോയെന്ന്
രണ്ടായാലും അവര്ക്ക് വിട്ടുകൊടുക്കുക .
ക്ഷമിക്കുക
ഗൊവിന്ദു പൻസാരെ,
നരേന്ദ്ര ദഭൊൽക്കരെ,
ക്കൽബുർകി
സ്വർഗത്തിലേക്കുളള വഴി പറഞ്ഞാൽ
നിങ്ങള്ക്ക് ഒരു മരത്തെ പോലെ
ഭൂമിയിൽ വേരുറച്ചു നിൽക്കാൻ
പറ്റണമെന്നില്ല.
അല്ലയോ 'ഭഗവാൻ'
മതത്തിനെതിരെ നിരന്തരം
ഓരിയിട്ടിരുന്ന ശുനകൻ പോലും
സമരം നിർത്തി പോയത്
നിങ്ങളറിഞ്ഞില്ലേ ...?


Saturday, August 22, 2015

എന്റെ പെണ്ണുങ്ങൾ 

ഏക വചനവും
ബഹുവചനവും
അറിയാത്തത് കൊണ്ടാവില്ല
കെട്ടിയവളെ
എന്റെ പെണ്ണ് യെന്നതിനു പകരം
എന്റെ പെണ്ണുങ്ങൾ എന്ന് പറയുന്നത്.
ചിലപ്പോൾ
മൂക്കു കയർ പൊട്ടിച്ചു പോയാൽ
പുരുഷനു ആലയിൽ കെട്ടാൻ
മറ്റൊരു മാടിനെ കിട്ടുമെന്ന്
അവളെ
ഓർമ്മപ്പെടുതുന്നതാവാം അത് !!!

# മലപ്പുറത്ത്‌ ഭാര്യമാരെ
 എന്റെ പെണ്ണ് എന്നതിനു പകരം
എന്റെ പെണ്ണുങ്ങൾ എന്നാണ് പറയാറ് #

Friday, August 21, 2015

സിസേറിയൻ

തല തിരിഞ്ഞുപോയത്
കൊണ്ടാണ് അവളുടെയും
വയറു കീറിമുറിച്ചത്
അത്രയും ചെറിയ സ്പയിസ്
കൊടുത്തിട്ടുപോലും
കുട്ടി തലതിരിഞ്ഞു
തോന്നിയ വഴിയേ പോയി.
അല്ലെങ്കിലും
 E - കാലത്ത് തലതിരിഞ്ഞു
പോകാത്ത കുട്ടികളെ കിട്ടാൻ
പ്രയാസമാണ്
ഗർഭപാത്രത്തിൽ അവരങ്ങനെ
പുഷ്പ്പിക്കുമ്പോൾ തന്നെ
കണ്ടതും കേട്ടതും
മൊബൈലും ഇൻറ്റർനെറ്റുമല്ലേ..!!!

നഷ്ടങ്ങളുടെ കണക്ക്

വെളിച്ചമേ
നിനക്ക് കൃത്യതയുണ്ട്
നീ പുറപ്പെടുകയും
വന്നണയുകയും ചെയ്യുന്നതിന്
എനിക്ക് ഒന്നേ പറയാനുളളു
നീ ഇരുട്ടുമായി കൂട്ടുകൂടരുത്
എവിടയും കയറിവരാനുളള
അവന്‍റെ സ്വാതന്ത്രം
നീ കണ്ട സുന്ദരലോകത്തിന്റെ
മറ്റൊരു കഥപറയും
പിന്നെ നീയുംപറയും
മൂക്കത്ത് വിരൽവെച്ചു
ഭൂതകാലത്തിലെ
നഷ്ടങ്ങളുടെ കണക്ക്..!!!

Thursday, July 2, 2015

അനന്തരം

ആവിശ്യമുളളതിലും
ഇല്ലാത്തതിലും ഇടപ്പെട്ട്
കവലയിൽ ഒരു പടു മരമായി
നിന്നപ്പോൾ അവനൊരു
'നായി'ആണന്നു പറഞ്ഞു .
പതിയെ പതിയെ വളർന്നു
പണം മൊട്ടിട്ടു പുഷ്പിച്ചപ്പോൾ
അനന്തരം
നായി എന്നത്
'നന്നായി ' എന്നായി ...!


# നായ എന്നത് മല പ്പുറത്ത് നായി
എന്നാണ് പറയാറ് #



Sunday, June 28, 2015

അലാറം

പൊടുന്നനെ
ഒരുപാട് സ്വപ്നങ്ങളെ
തല്ലി തകർത്തതും
പല സ്വപ്നങ്ങളിലേക്ക്
നമ്മളെ എത്തിക്കുന്നതും
ഇതേ അലാറം തന്നെയാണ് ...!



Saturday, June 27, 2015

തല വര 

അല്ലെങ്കിലും
പണ്ടേ പറയുന്നതാ
നിന്റെ തല വര നന്നാവാത്തതും
അവന്റെ തല വര നന്നായതും
നിന്റെ തലയെഴുത്തു നന്നാവാത്തതും
അവന്റെ തലയെഴുത്തു നന്നായതും.
അങ്ങിനെയെങ്കിൽ
വിധിയെ എന്തിനു നാം കുറ്റപ്പെടുത്തണം
ഏറ്റവും നല്ല എഴുത്തുകാരനും
ചിത്രകാരനും ദൈവം തന്നെ
മോശമായതും...!

Friday, June 19, 2015

പാവം ദൈവം

മരങ്ങൾ നാടു കടത്തി
മലകൾ നിരത്തി
പുഴകൾ നശിപ്പിച്ചു
വയലുകൾ നിരത്തി
തോരാത്ത മഴയോടും
കാറ്റിനോടും പിറ് പിറുത്തു
പറ്റുമെങ്കിൽ കടലും വറ്റിച്ചു
ഈ ഭൂമിക്കു നാം മാണ്‌
അവകാശികളെന്നു പറഞ്ഞു
പരസ്പരം കാണാത്ത
മതിലുകൾ കെട്ടിപൊക്കി
ഇവയെല്ലാം കണ്ടു നിൽക്കുന്ന
പാവം ദൈവത്തോട് തന്നെ
ചോദിക്കൂ
സർവ്വ ഐശ്വര്യവും
സമൃതിയും തരാൻ ...

Friday, May 29, 2015

എന്റെ

ഒന്നും ആരുടേയും
സ്വന്തമല്ലല്ലോ
എന്നിട്ടും ഈ മനുഷ്യർ
പറഞ്ഞു കൊണ്ടേയിരിക്കും
എന്റെ ഭൂമി
എന്റെ വീട്
എന്റെ ഭാര്യ
എന്റെ ധനം
എന്റെ മക്കൾ.....
ചിലപ്പോൾ
മരിക്കും വരെ
മനുഷ്യർ പറയുന്ന
വലിയൊരു നുണയാകാം ഇത്...!

Tuesday, April 21, 2015

രണ്ടു കവിതകൾ

വൃദ്ധ സദനം

ഇനി എത്ര തവണ പറയണം
ഇവേറ്റകളോട്
ഈ ഫോണിൽ ഇത് തന്നെ .
മരിക്കാത്ത ഫോസിലുകൾക്കിടയിൽ
ആമിനയുടെ മൂക്കിനു
താഴെ വിരൽ വെച്ച് നോക്കി
അയാൾ പിന്നെയും
ഫോണിനു കാവലിരുന്നു
ഇനി ഒരാൾ മരിക്കുന്നത് വരെ
പുതിയ അഡ്മിഷനില്ലന്നു
പറയാൻ....!

ഫുൾ പാകാജ്

ഫുൾ പാകേജ് തന്നെ
എടുത്തോളു
 ഒന്നുമേ അറിയിക്കണ്ടാ
എന്ത് വേണെമെങ്കിലും ചെയ്യാം
കത്തിക്കുകയോ
കുഴിച്ചിടുകയോ
എന്ത് വേണെമെങ്കിലുംചെയ്യാം....
എന്ന്
സ്വന്തം മകൻ
ഒപ്പ് .

Thursday, April 16, 2015

തുടക്കം

മുപ്പതു വർഷം ഞാനിരുന്നു
കച്ചവടം ചെയ്തതാണ് ഇവിടം
ആരോടും നുണ പറയുകയോ
പറ്റിക്കുകയോ അരുത്.
സത്യസന്ധതയെ   കുറിച്ച്
മണിക്കൂറുകളോളം സംസാരിച്ചു
ബാപ്പ മകനെ
കസേരയിൽ ഇരുത്തി
പടിയിറങ്ങുമ്പോൾ
അവസാനമായി
മകന്റെ ചെവിയിൽ
ആരും കേൾക്കാതെ
ഇങ്ങിനെ പറഞ്ഞു
'ആര് ചില്ലറ ചോദിച്ചാലും
ഇല്ലെന്നു പറയുകാ'...!

Wednesday, April 15, 2015

ഇന്ന് ....!

ഇന്നലെ
ബഷീർ വന്നു
കൂടെ
വൈലോപ്പില്ളിയും
ചങ്ങമ്പുഴയും
കമല സുരയ്യയും...
തിക്കിലും തിരക്കിലും
അവരെയാണ്
കാണാൻ പറ്റിയത്.
ഒറ്റ ദിവസം കൊണ്ടവർ
പുഴകൾ ,മലകൾ,
വയലുകൾ താണ്ടി
കേരളത്തിൽ നിന്ന്
വണ്ടി കയറുമ്പോൾ
അവർ എഴുതുന്നുണ്ടായിരുന്നു
ബംഗാളിയെ കുറിച്ച്
ആസാമികളെ കുറിച്ച്
അങ്ങിനെ ....അങ്ങിനെ....

പ്ളിംഗ്...!

രാഷ്ടീയക്കാർ
മതനേതാക്കന്മാർ
നുണയൻമാർ
അഴിമതിക്കാർ
കളളൻമാർ
കൊലപാതകർ
ബലാത്സംഗ ക്കാർ
സത്യത്തിനു ശബ്ദമുയർതുന്നവർ...
അങ്ങിനെ സകലവന്മാര്ക്കും
കിട്ടുന്നുണ്ട്‌ ' പ്ളിംഗ് '
ഇന്നലെ എനിക്കും കിട്ടി
ഒരു പ്ളിംഗ്.
പട്ടിണിയാൽ കരയുന്നവർ
അങ്ങിനെ കരഞ്ഞോട്ടെ
കൊല്ലുന്നവർ പരസ്പരം
കൊന്നു തീര്ന്നോട്ടെ
അവരെ നോക്കാൻ ദൈവമുണ്ടല്ലോ ...!
എന്റെ ഭൂമി
നീ ഒന്ന് പതുക്കെ തിരിയൂ
ഞങ്ങള്ക്ക് സമയം
ഒന്നിനും തികയുന്നില്ല
ഞങ്ങളൊരു കൂട്ടം
മനുഷ്യ ജീവികൾ
തെരിവിലൂടെ അലയുന്നുണ്ട്
മൊബൈലും" പ്ളിംഗ്" മായി ...!